പത്താം ദിനവും പിടിതരാതെ ഇന്‍ഫോസിസ് ക്യാമ്പസിലെ പുള്ളിപ്പുലി; ജീവനക്കാര്‍ വീട്ടില്‍ തുടരാന്‍ നിര്‍ദേശം; ട്രെയിനികളെ പുറത്തിറക്കാതെ പരിശീലനം; വെട്ടിലായി വനംവകുപ്പ്

പത്താം ദിനവും പിടിതരാതെ ഇന്‍ഫോസിസ് ക്യാമ്പസിലെ പുള്ളിപ്പുലി; ജീവനക്കാര്‍ വീട്ടില്‍ തുടരാന്‍ നിര്‍ദേശം; ട്രെയിനികളെ പുറത്തിറക്കാതെ പരിശീലനം; വെട്ടിലായി വനംവകുപ്പ്

മൈസൂരു ഇന്‍ഫോസിസ് ക്യാമ്പസിനകത്തെ പുള്ളിപ്പുലിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാനാവാത്തത് അധികൃതരെയും വനംവകുപ്പിനെയും വലയ്ക്കുന്നു. പത്താം ദിവസമായ ഇന്നും വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ലിയോപാഡ് ടാസ്‌ക് ഫോഴ്സ് കാംപസില്‍ പരിശോധന തുടരുകയാണ്. ഡിസംബര്‍ 31-ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ചിത്രം കാംപസിലെ ക്യാമറയില്‍ പതിഞ്ഞത്.

പുലിയെ കണ്ടെത്താത്ത സാഹചര്യത്തില്‍ ഇന്‍ഫോസിസിലെ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ക്യാമ്പസിനകത്ത് താമസിക്കുന്ന ട്രെയിനികള്‍ക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. താമസസ്ഥലത്തുനിന്ന് അതീവസുരക്ഷയില്‍ ബസിലാണ് ഇവരെ ക്യാമ്പസിലെത്തിക്കുന്നത്. പുലിയുടെ സാന്നിധ്യമുള്ളതിനാല്‍ വാഹനത്തില്‍ മാത്രമാണ് ഇവര്‍ക്ക് കാംപസ് പരിസരത്ത് സഞ്ചരിക്കാന്‍ അനുമതി.

പരിശീലനസമയത്ത് ഭക്ഷണത്തിനുള്ള സൗകര്യവും ഇവര്‍ക്ക് ക്യാമ്പസിനകത്ത് ഒരുക്കി. പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ടാസ്‌ക്‌ഫോഴ്സിന്റെ പരിശോധനയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

380 ഏക്കര്‍ വിസ്തൃതിയിലാണ് കാംപസ്. ഇവിടെയെല്ലാം ഡ്രോണ്‍ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. പുലിയെ കണ്ടതിനെത്തുടര്‍ന്ന് കാംപസിനകത്ത് 12 ഉയര്‍ന്നനിലവാരമുള്ള സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. രണ്ട് കൂടുകളും സ്ഥാപിച്ചു. പരിശോധന തുടരുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഐ.ബി. പ്രഭു അറിയിച്ചു.

പുലിയുടെ വരവ് മലയാളികളെയും ഭീതിയിലാക്കിയിട്ടുണ്ട്. മൈസൂരുവിലെ ഇന്‍ഫോസിസ് ഗ്ലോബല്‍ എജുക്കേഷന്‍ സെന്ററില്‍ പരിശീലനം നേടുന്നവരും ജീവനക്കാരുമായി ഏകദേശം 1300-നടുത്തുപേര്‍ മലയാളികളാണ്. കൂടാതെ കാംപസ് കോമ്പൗണ്ടിന്റെ പുറത്തുള്ള വില്ലകളിലും മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരും പുലി ഭീതിയിലാണ്.


380 ഏക്കര്‍ വിസ്തൃതിയാണ് കാംപസിനുള്ളത്. വനംവകുപ്പ് കൂടുതല്‍ ജീവനക്കാരെ വിന്യസിക്കുകയും പ്രധാനമേഖലകളില്‍ കൂടുതല്‍ കെണികള്‍ സ്ഥാപിക്കുകയും ചെയ്തതായി മൈസൂരു ഡിവിഷന്‍ ചീഫ് ഫോറസ്റ്റ് ഓഫീസര്‍ മാലതി പ്രിയ അറിയിച്ചു. ഹെബ്ബാള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം സ്ഥിതിചെയ്യുന്ന കാംപസ് പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമെന്നറിയപ്പെടുന്ന സംരക്ഷിതവനത്തിനു സമീപമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *