മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള പതിമൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 175 പേരായിരുന്നു യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനായി രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മങ്കിപോക്‌സ് രോഗബാധ സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളുള്ള യുവാവ് മഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിപ അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും കേരളത്തില്‍ എയിംസ് വേണമെന്ന് ആവശ്യപ്പെടുമന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.