അൻവറിന്റേത് പ്രതികാര നടപടി; മലപ്പുറത്ത് നിന്ന് കോടികളുടെ സ്വർണവും ഹവാല പണവും പിടികൂടിയതിലുള്ള പക: മുഖ്യമന്ത്രി

അൻവറിന്റേത് പ്രതികാര നടപടി; മലപ്പുറത്ത് നിന്ന് കോടികളുടെ സ്വർണവും ഹവാല പണവും പിടികൂടിയതിലുള്ള പക: മുഖ്യമന്ത്രി

പി വി അൻവറിന്റേത് പ്രതികാര നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് നിന്ന് കോടികളുടെ സ്വർണവും ഹവാല പണവും പിടികൂടിയതിലുള്ള പകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അൻവറിന്റെ പ്രചാരണം രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും വർഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതിനിടയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പി വി അൻവറിനെതിരെ പ്രതികരിച്ചത്. പോലീസിന് ആർഎസ്എഎസ് നയങ്ങളാണെന്ന ഇടത് എംഎഎൽഎ ആയിരുന്ന പി.വി.അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വർണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊലീസ് നടത്തിയ പരിശോധനയിൽ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം-ആർഎസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്‍വറിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷം മാത്രമല്ല, ആര്‍എസ്എസ് ഉള്‍പ്പെടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സര്‍ക്കാരിനേയും ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നില്‍ ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വർണക്കള്ളക്കടത്തിൽ താനുന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അൻവർ പറഞ്ഞു. സ്വർണ കള്ളക്കടത്തിൽ പി.ശശിക്ക് പങ്കുണ്ടെന്നും ഒരു എസ്.പി മാത്രം വിചാരിച്ചാൽ ഇതൊന്നും നടത്താനാവില്ലെന്നും പി വി അൻവർ പറഞ്ഞു. അതേസമയം നിയമസഭയിൽ ആദ്യ രണ്ട് ദിവസം താൻ പോകില്ലെന്നും കൂടുതൽ പൊതുയോഗങ്ങൾ നടത്തിയ ശേഷമേ നിയമസഭയിലേക്ക് പോകൂ എന്നും അൻവർ പറഞ്ഞു. അവിടെ ഒരു കസേര ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ഇല്ലങ്കിൽ നിലത്തിരിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *