
പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ സ്പീഡ് താരം ജസ്പ്രീത് ബുംറയെ ഫോർമാറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി വാഴ്ത്തി ഓസ്‌ട്രേലിയൻ ഇതിഹാസ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസർ ബുംറയാണെന്ന് പോണ്ടിംഗ് പറഞ്ഞു.
രോഹിത് ശർമ്മയുടെ അഭാവത്തിൽ ബുംറ ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി. പരിക്കിൻ്റെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന മുഹമ്മദ് ഷമി ഇല്ലാതെയാണ് ടീം ഇറങ്ങിയത്. മുഹമ്മദ് സിറാജ് (5 വിക്കറ്റ്), ഹർഷിത് റാണ (4 വിക്കറ്റ്) എന്നിവർക്കൊപ്പം ബുംറ മാച്ച് വിന്നിംഗ് കൂട്ടുകെട്ടുണ്ടാക്കി.
“മുന്നിൽ നിന്ന് നയിക്കുക എന്നത് ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. ഫോർമാറ്റുകളിലുടനീളമുള്ള ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് അദ്ദേഹം,” റിക്കി പോണ്ടിംഗ് ഐസിസി റിവ്യൂവിൽ പറഞ്ഞു. “മുഴുവൻ മത്സരത്തിലും അദ്ദേഹം മികച്ചതായിരുന്നു. അവൻ സ്ഥിരതയോടെ തന്നെ പന്തെറിഞ്ഞു എന്നതാണ് പ്രത്യേകത. സ്റ്റമ്പ് ലക്ഷ്യമാക്കി പന്ത് ചലിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഗംഭീരമായിരുന്നു. ആദ്യ ടെസ്റ്റിലെ മറ്റ് ബൗളർമാരും തമ്മിലുള്ള വ്യത്യാസമായിരുന്നു അത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ അവരുടെ ഒന്നാം ഇന്നിംഗ്‌സിൽ 150 റൺസ് മാത്രം നേടി പുറത്തായെങ്കിലും ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബോളർമാർ ഓസ്‌ട്രേലിയയെ 104 റൺസിന് എറിഞ്ഞിട്ടു. കളിയുടെ എല്ലാ മേഖലയിലും ഇന്ത്യയുടെ സർവാധിപത്യം തന്നെയാണ് മത്സരത്തിൽ കണ്ടത് എന്ന് പറയാം.
അതേസമയം ബുംറ ഇന്ത്യക്ക് വേണ്ടി 200 മത്സരങ്ങളിൽ നിന്ന് മൂന്ന് ഫോർമാറ്റുകളിലായി 20.80 ശരാശരിയിൽ 419 വിക്കറ്റുകൾ നേടിയിട്ടുണ്ട്.