റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ പെട്ടുപോയ മലയാളിയടക്കം 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 16 പേരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ പെട്ടുപോയ മലയാളിയടക്കം 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 16 പേരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന മലയാളിയടക്കം 12 ഇന്ത്യക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാനാണ് റഷ്യയിലേക്ക് 126 ഇന്ത്യക്കാരെ തട്ടിപ്പിനിരയാക്കി കൊണ്ടുപോയത്. ഇതില്‍ 12 പേര്‍ കൊല്ലപ്പെട്ടെന്നും 96 പേര്‍ തിരിച്ച് ഇന്ത്യയിലെത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 16 പേരുടെ വിവരം റഷ്യയില്‍ നിന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുക്രൈന്‍ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണു റഷ്യയില്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുര്യനും വെടിയേറ്റിരുന്നു. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ പരുക്കേറ്റ മലയാളി മോസ്‌കോയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് ജയിന്‍ കുര്യന്റെ കാര്യം സൂചിപ്പിച്ച് വിദേശ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇയാള്‍ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബിനില്‍ ബാബുവിന്റെ മരണത്തില്‍ മന്ത്രാലയം അനുശോചനമറിച്ചു. ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസ്സി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

ഇലക്ട്രീഷ്യന്മാരായ ഇരുവരും റിക്രൂട്ടിങ് ചതിയില്‍പ്പെട്ടാണു റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിയത്. ഇവര്‍ക്കു പുറമേ കേരളത്തില്‍നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ സമാനമായ രീതിയില്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തുകയും നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 18 ഇന്ത്യക്കാര്‍ ഇപ്പോഴും റഷ്യന്‍ സൈന്യത്തില്‍ തുടരുകയാണ്. ഇവരില്‍ 16 പേര്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമൊന്നും ഇല്ല. അവരെ കാണാനില്ലെന്നാണ് റഷ്യയുടെ വിശദീകരണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *