തണുത്ത വെളുപ്പാൻ കാലവും മഞ്ഞും മൂടിക്കിടക്കുന്ന ആകാശവുമൊക്കെ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി(sad) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പ്രത്യേക കാലാവസ്ഥകളിൽ തോന്നുന്ന വിഷാദ അവസ്ഥയാണിത്.
ദിവസം മുഴുന്‍ അലസത തോന്നുക, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയിരിക്കുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ അവസ്ഥയെ നിയന്ത്രിച്ച് മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ മനസിനെ പാകപ്പെടുത്തുക എന്നതാണ് പ്രധാനം.
മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണു പോകാതിരിക്കാം
സൂര്യപ്രകാശം ഏല്‍ക്കുക; രാവിലെയും വൈകുന്നേരവും ഇളം വെയിൽ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്‍റെയും ഉത്പാദിപ്പാദനം മെച്ചപ്പെടുത്തും.
ബന്ധങ്ങള്‍ മുറുകെ പിടിക്കുക; മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
നല്ല ശീലങ്ങള്‍ വളര്‍ത്താം; മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പല ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം.
വ്യായാമം മുടക്കരുത്; എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും.