‘അമ്മയെപ്പോലെ ചേര്‍ത്തു നിര്‍ത്തി; എന്റെ ഇനിയുള്ള ജീവിതം സ്റ്റാലിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു’; മുഖ്യമന്ത്രിയുടെ കാല്‍തൊട്ടു വന്ദിച്ച് മന്ത്രി സെന്തില്‍ ബാലാജി

‘അമ്മയെപ്പോലെ ചേര്‍ത്തു നിര്‍ത്തി; എന്റെ ഇനിയുള്ള ജീവിതം സ്റ്റാലിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു’; മുഖ്യമന്ത്രിയുടെ കാല്‍തൊട്ടു വന്ദിച്ച് മന്ത്രി സെന്തില്‍ ബാലാജി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കാല്‍തൊട്ടു വന്ദിച്ച് മുന്‍മന്ത്രി സെന്തില്‍ ബാലാജി. മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് അദേഹം സ്റ്റാലിനെ സന്ദര്‍ശിച്ചത്. ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ സ്റ്റാലിനെ ചെന്നൈ വിമാനത്താവളത്തില്‍ സന്ദര്‍ശിച്ച ശേഷമായിരുന്ന് കാല്‍തൊട്ടു വന്ദനം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തുവന്നശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ്. തന്റെ ജീവിതം സ്റ്റാലിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നുവെന്ന് പിന്നീട് സെന്തില്‍ എക്‌സില്‍ കുറിച്ചു. ‘ഏകാന്തത മൂടിയ 471 ദിവസത്തിനുശേഷം സൂര്യന് കീഴിലെത്തി. എല്ലാദിവസവും എല്ലാ മിനിറ്റിലും ഞാന്‍ താങ്കളെക്കുറിച്ച് ഓര്‍ത്തു. ഒരു അമ്മയെപ്പോലെ താങ്കള്‍ എന്നെ ചേര്‍ത്തുനിര്‍ത്തി.

എന്റെ ജീവിതം അങ്ങയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു. എന്നോടുള്ള വിശ്വാസത്തിനും സ്‌നേഹത്തിനും ജീവിതകാലം മുഴുവന്‍ കടപ്പെട്ടിരിക്കുമെന്ന് ബാലാജി എക്‌സില്‍ കുറിച്ചു.

ബാലാജിക്ക് ജാമ്യം ലഭിച്ചതറിഞ്ഞ ഉടന്‍ സഹോദന്‍ എന്ന് വിശേഷിപ്പിച്ചാണ് സ്റ്റാലിന്‍ സ്വാഗതംചെയ്തത്.

അതേസമയം, തമിഴ്‌നാടിന്റെ മൂന്നാമത് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിന്നാലെ ഡിഎംകെ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കായികയുവജനക്ഷേമ വകുപ്പുകള്‍ക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകള്‍ കൂടി ഉദയനിധിക്ക് നല്‍കിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി, പുതിയതായി മന്ത്രിസഭയില്‍ എത്തുന്നവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിയായി സെന്തില്‍ ബാലാജി, ഗോവി ചെഴിയന്‍, ആര്‍. രാജേന്ദ്രന്‍, എസ്.എം.നാസര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ഡിഎംകെ മന്ത്രിമാര്‍, ഇന്ത്യാ മുന്നണി നേതാക്കള്‍, എന്നിവര്‍ പങ്കെടുത്തു.

അതേസമയം ഉദയനിധി മന്ത്രിസഭാംഗമായതിനാല്‍ തന്നെ പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടായിരുന്നില്ല. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാള്‍ക്ക് ലഭിക്കുന്നത്. 2009-2011 കാലഘട്ടത്തില്‍ കരുണാനിധി മന്ത്രിസഭയില്‍ എം.കെ. സ്റ്റാലിനും, 2017-21 കാലഘട്ടത്തില്‍ ഇപിഎസ് മന്ത്രിസഭയില്‍ ഒ.പനീര്‍സെല്‍വവും ഉപമുഖ്യമന്ത്രി പദവി കൈകാര്യം ചെയ്തിട്ടുണ്ട്.

ജോലിക്ക് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായി 15 മാസം ജയിലില്‍ കിടന്ന സെന്തില്‍ ബാലാജി, ജാമ്യം ലഭിച്ച് തിരിച്ചിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും മന്ത്രി പദവിയില്‍ എത്തിയിരിക്കുന്നത്. അറസ്റ്റിലാകുന്നതിന് മുന്‍പ് എക്‌സൈസ് വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്ത സെന്തില്‍ ബാലാജിക്ക് അതേ വകുപ്പുകള്‍ തന്നെയാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *