വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം; വീഡിയോ പ്രചരിച്ചതിൽ അന്വേഷണത്തിന് നിർദേശിച്ച് വിദ്യാഭ്യാസമന്ത്രി, മാനസാന്തരമുണ്ടെന്ന് കുട്ടി

വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം; വീഡിയോ പ്രചരിച്ചതിൽ അന്വേഷണത്തിന് നിർദേശിച്ച് വിദ്യാഭ്യാസമന്ത്രി, മാനസാന്തരമുണ്ടെന്ന് കുട്ടി

മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്റെ പേരിൽ പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിന്റെ  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് വെള്ളിയാഴ്ച സംഭവമുണ്ടായത്. ചൊവ്വാഴ്ചയാണ് വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വിഡിയോ എടുത്ത അധ്യാപകരുടെ നടപടിയിൽ സമൂഹ മാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. പതിനാറോ, പതിനേഴോ വയസുമാത്രം പ്രായമുള്ള വിദ്യാർഥിയുടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിലായിരുന്നു പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി. ‘സാറിനെ പുറത്തു കിട്ടിയാൽ ഞാൻ കൊല്ലും’ എന്ന രീതിയിലായിരുന്നു കുട്ടിയുടെ ഭീഷണി.

അതേസമയം സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞിരുന്നു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോൺ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് വിദ്യാർത്ഥി പൊലീസിനെ അറിയിച്ചത്. തനിക്ക് അതേ സ്‌കൂളിൽ തന്നെ തുടർന്ന് പഠിക്കാനുള്ള അവസരം നൽകാൻ ഇടപെടണമെന്നും വിദ്യാർത്ഥി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *