സ്‌പേസ് സ്യൂട്ട് എന്നത് ഒരു വസ്ത്രം മാത്രമല്ലെന്ന് നമുക്കറിയാം, എന്താണ് അതിന്റെ പ്രത്യേകതകൾ ?

സ്‌പേസ് സ്യൂട്ട് എന്നത് ഒരു വസ്ത്രം മാത്രമല്ലെന്ന് നമുക്കറിയാം, എന്താണ് അതിന്റെ പ്രത്യേകതകൾ ?

സ്‌പേസ് സ്യൂട്ട് എന്നത് ഒരു വസ്ത്രം മാത്രമല്ലെന്ന് നമുക്കറിയാം. ബഹിരാകാശത്തിന്റെ കഠിനവും സങ്കീർണ്ണവുമായ പരിസ്ഥിതിയിൽ ബഹിരാകാശ സഞ്ചാരിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ആശയവിനിമയവും മറ്റു പ്രവർത്തനങ്ങളും പരീക്ഷണങ്ങളും കഴിയുന്നത്ര കാര്യക്ഷമമായി നടത്താനുമുള്ള കഴിവ് അനുവദിക്കുന്നതുമായ വിപുലസാങ്കേതിക സംവിധാനങ്ങൾ സംവിധാനിക്കപ്പെട്ട പ്രത്യേക വസ്ത്രമാണത്. വ്യത്യസ്ത ആവശ്യങ്ങൾക്കായി മൂന്ന് തരം സ്‌പേസ് സ്യൂട്ടുകൾ നിലവിലുണ്ട്- EVA , IVA , IEVA .

ബഹിരാകാശയാത്രികർ ബഹിരാകാശ വാഹനത്തിന്, അല്ലെങ്കിൽ ബഹിരാകാശ നിലയത്തിന് പുറത്ത് എന്തെങ്കിലും ജോലികൾ ചെയ്യാൻ പോകുമ്പോൾ ധരിക്കുന്നവയാണ് EVA സ്യൂട്ടുകൾ.യാത്രികർ ബഹിരാകാശത്ത് വെച്ച് പേടകത്തിൽ നിന്നും പുറത്തിറങ്ങുന്ന ഏത് സമയത്തും അതിനെ EVA അഥവാ എക്‌സ്‌ട്രാ വെഹിക്കുലാർ ആക്‌റ്റിവിറ്റി എന്നാണ് പറയുക. ഇതുതന്നെയാണ് ബഹിരാകാശ നടത്തം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ബഹിരാകാശ നടത്തത്തിന് സാധ്യമാക്കുന്ന തരത്തിലായിരിക്കും ഈ സ്യൂട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുക. സൂര്യപ്രകാശത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നതും ബഹിരാകാശയാത്രികനെ തണുപ്പിക്കാൻ സഹായിക്കുന്നതുമായ നിറം വെള്ളയായതുകൊണ്ടാണ് EVA സ്യൂട്ടുകൾക്ക് ആ നിറം നല്കിയിരിക്കുന്നത്. മാത്രമല്ല സഞ്ചാരിയെ കറുത്ത സ്പേസിൽ വ്യക്തമായി കാണാനും വെളുപ്പ് സഹായകരമാണ്..

ലൈഫ് സപ്പോർട്ട് സിസ്റ്റം, റേഡിയോ കമ്മ്യൂണിക്കേഷൻസ്, ബഹിരാകാശയാത്രികനെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന ടെതർ എന്നിവയും ഇത്തരം സ്യൂട്ടിൽ ഉണ്ടായിരിക്കും.
മാത്രമല്ല, ബഹിരാകാശ വികിരണങ്ങളിൽ നിന്നും , മൈക്രോമെറ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കളിൽ നിന്നുമെല്ലാം യാത്രികനെ സംരക്ഷിക്കാനുതകുന്ന നിരവധി പാളികളായാണ് ഈ സ്യൂട്ട് നിർമിച്ചിരിക്കുന്നത്. ഇതുകൊണ്ടൊക്കെതന്നെ മറ്റു സ്യൂട്ടുകളെ അപേക്ഷിച്ച് താരതമ്യേന വലുതും വില കൂടിയതുമായിരിക്കും EVA സ്യൂട്ടുകൾ.

പ്രൈമറി, സെക്കണ്ടറി ഓക്‌സിജൻ ടാങ്കുകളും സ്യൂട്ടിന്റെ വൈദ്യുത പ്രവർത്തനങ്ങൾക്കുള്ള ബാറ്ററി പവറും അടങ്ങുന്ന 145 കിലോഗ്രാം വരുന്ന കനത്ത ബാക്ക്‌പാക്ക് ഇത്തരം സ്യൂട്ടുകളിൽ ഘടിപ്പിക്കുന്നു. ഇത്തരമൊരു EVA സ്യൂട്ട് ധരിക്കാൻ തന്നെ ഏകദേശം 45 മിനിറ്റ് എടുക്കും.

IVA (Intra Vehicular Activity): വിക്ഷേപണ സമയത്തും ലാൻഡിംഗ് സമയത്തും സഞ്ചാരികൾ ധരിക്കുന്നത് അഡ്വാൻസ്ഡ് ക്രൂ എസ്കേപ്പ് സ്യൂട്ട്(ACES)അല്ലെങ്കിൽ “ലോഞ്ച് ആൻഡ് എൻട്രി സ്യൂട്ടുകൾ” എന്ന ഓറഞ്ച് നിറത്തിലുള്ള IVA സ്യൂട്ട് ആയിരിക്കും.

വിക്ഷേപണത്തിന്റെ ഘട്ടങ്ങളിലോ, ലാൻഡിഗ് സമയത്തോ എന്തെങ്കിലും തകരാർ സംഭവിച്ചാൽ, ബഹിരാകാശയാത്രികർ ഷട്ടിൽ അല്ലെങ്കിൽ സ്പേസ് ക്യാപ്സ്യൂൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകും – അത്തരമൊരു സന്ദർഭത്തിൽ ഏതൊരു ഭൂപ്രകൃതിയിലും ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് ഓറഞ്ച് നിറമാണ്. ഉദാഹരണത്തിന് -ഓറഞ്ച് നിറം സമുദ്രത്തിന്റെ നീല നിറവുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ കടലിൽ ബഹിരാകാശയാത്രികനെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് വളരെ എളുപ്പമായിരിക്കും. എമർജൻസി ബ്രീത്തിംഗ് സിസ്റ്റം, ലിക്വിഡ് കൂളിംഗ് സിസ്റ്റം, ഹെഡ്സെറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഇൻഫ്ലേഷൻ പാരച്യൂട്ടുകൾ, കൂടാതെ ഓട്ടോമാറ്റിക്-ഇൻഫ്ലേഷൻ ലൈഫ് പ്രിസർവർ എന്നിവയും ACES സ്യൂട്ടിൽ സജ്ജീകരിച്ചിരിക്കുന്നു. അപകടമുണ്ടായാൽ ബഹിരാകാശയാത്രികർക്ക് അതിജീവിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരം സ്യൂട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ACES സ്യൂട്ട് ധരിച്ച ബഹിരാകാശയാത്രികർക്ക് ഇനിപ്പറയുന്ന ഉപകരണങ്ങൾ അടങ്ങിയ പോക്കറ്റുകളും ഉണ്ട്: അതിജീവന റേഡിയോ, സിഗ്നൽ മിററുകൾ, കെമിക്കൽ ലൈറ്റുകൾ, സ്ട്രോബ് ലൈറ്റുകൾ, ഫ്ലെയറുകൾ, കത്തികൾ അല്ലെങ്കിൽ കട്ടറുകൾ.

ഭൂമിയിൽ ലഭ്യമായ അന്തരീക്ഷ വായുവോ അന്തരീക്ഷ മർദ്ദമോ ഒരു ബഹിരാകാശ നിലയത്തിലോ ബഹിരാകാശത്ത് തുടരുന്ന പേടകത്തിലോ ഉണ്ടായിരിക്കില്ല. അതിനകത്ത് കൃത്രിമമായി മർദ്ദം ഭൂമിയിലെ പോലെ ക്രമീകരിച്ചിരിക്കും. ശ്വസിക്കാനുള്ള വായുവും അതിനകത്ത് സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് ശീതീകരിച്ച ബഹിരാകാശ വാഹനത്തിനകത്ത് കഴിയാൻ പ്രത്യേക സ്യൂട്ടിന്റെയൊന്നും ആവശ്യമില്ല. എന്നാൽ മൈക്രോ ഗ്രാവിറ്റിയിൽ ജീവിക്കാൻ വേണ്ട പ്രത്യേക പരിശീലനം ഉണ്ടായിരക്കണമെന്ന് മാത്രം. ബഹിരാകാശനിലയത്തിനകത്തെയോ,പേടകത്തിലേയോ മർദ്ദം ഇങ്ങനെ ഭൂമിയിലെ പോലെ ക്രമപ്പെടുത്തിയിരിയ്ക്കുന്നതിനാൽ അതിനകത്ത് ധരിക്കുന്ന IVA സ്യൂട്ടുകൾ ഭാരം കുറഞ്ഞവയാണ്. ആയാസരഹിതവും സുഖകരവുമായ ഒരു പ്രവർത്തനാന്തരീക്ഷം നല്കാൻ ഇവക്കാവുന്നു.സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ – ലോഞ്ച് ചെയ്യുമ്പോൾ അതിലുള്ള ബഹിരാകാശയാത്രികർ വെള്ളയും കറുപ്പും നിറത്തിലുള്ള സ്യൂട്ടുകൾ ധരിച്ചിരിക്കുന്നതായി കാണാം. “സ്റ്റാർമാൻ” സ്യൂട്ടുകൾ എന്ന് വിളിക്കപ്പെടുന്ന ഈ സ്യൂട്ടുകൾ വ്യത്യസ്ത തരം IVA സ്യൂട്ടുകളാണ്.SpaceX സ്ഥാപകൻ ഇലോൺ മസ്‌കാണ് ഇവ രൂപകൽപന ചെയ്‌തത്.

IEVA:
ബഹിരാകാശത്ത് വാഹനത്തിനകത്തും പുറത്തും ഒരുപോലെ ഉപയോഗിയ്ക്കാൻ രൂപകല്പന ചെയ്തിട്ടുള്ള സ്യൂട്ടുകളാണ് IEVA സ്യൂട്ടുകൾ.
ബഹിരാകാശയാത്രികർക്ക് വ്യത്യസ്ത തരത്തിലുള്ള സ്യൂട്ട് ധരിക്കാൻ ആവശ്യമായ പ്രത്യേക ചുമതലകളൊന്നും നിർവഹിക്കാനില്ലാത്തപ്പോൾ ഒരു സാധാരണ വസ്ത്രം എന്ന നിലയിൽ പലപ്പോഴും നീല നിഃത്തിലുള്ള സ്യൂട്ടുകളും ധരിക്കാറുണ്ട്.. ഒരു തരം യൂണിഫോം അല്ലെങ്കിൽ ഡെക്ക് വസ്ത്രമായാണ് ഇതിനെ കരുതുന്നത്. റോയൽ ബ്ലൂ കളർ എന്നത് നാസ അതിന്റെ ബഹിരാകാശ വസ്ത്രങ്ങൾക്കായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണ്.21-ാം നൂറ്റാണ്ടിലെ ചാന്ദ്രപര്യവേക്ഷണ ദൗത്യം ആർട്ടെമിസിന്റെ ഭാഗമായി ചന്ദ്രനിലേക്ക് പോകുന്നവർക്ക് വേണ്ടി രണ്ട് തരം പുതിയ സ്‌പേസ് സ്യൂട്ടുകളാണ് നാസ പുതുതായി ഡിസൈൻ ചെയ്തിരിക്കുന്നത്.ഒറിയോൺ ക്രൂ സർവൈവൽ സിസ്റ്റം (OCSS),
എക്‌സ്‌പ്ലോറേഷൻ എക്‌സ്‌ട്രാവെഹിക്കുലാർ മൊബിലിറ്റി യൂണിറ്റ് (xEMU).xEMU ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ സ്‌പേസ് സ്യൂട്ട് ആണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *