ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മയിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സംസാരിച്ചിരിക്കുകയാണ്. വെറ്ററൻ ബാറ്ററിൽ നിന്ന് പഠിച്ച പാഠങ്ങൾ കാര്യങ്ങൾ തന്നെ ഒരുപാട് സഹായിക്കുന്നു എന്നും അതാണ് നായകൻ എന്ന നിലയിലെ പ്രചോദനം എന്നും താരം പറഞ്ഞു.
2024 ലെ ടി20 ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ നയിച്ചതിന് പിന്നാലെ രോഹിത് ശർമ്മ ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻസിയുടെ ബാറ്റൺ സൂര്യകുമാർ യാദവിന് കൈമാറി. അതിനുശേഷം, യുവ ടീമിനെ നയിക്കുന്ന അദ്ദേഹം ടീമിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ മികവ് കാണിക്കുന്നുണ്ട്.
രോഹിത് ശർമ്മ കാണിച്ച അഗ്രസീവ് ബ്രാൻഡിൻ്റെ ടെംപ്ലേറ്റ് സൂര്യകുമാർ യാദവ് നന്നായി പിന്തുടരുന്നു. അദ്ദേഹത്തിൻ്റെയും ഗൗതം ഗംഭീറിൻ്റെയും കീഴിൽ, യുവ കളിക്കാർ ടി 20 യിൽ ശരിക്കും തകർപ്പൻ ക്രിക്കറ്റ് തന്നെയാണ് ഇതുവരെ കളിച്ചത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ച സൂര്യകുമാർ യാദവ്, ടീം കളിച്ച രീതി മികച്ച ക്യാപ്റ്റൻസിയുടെ തെളിവാണെന്ന് പറഞ്ഞു. പരിശീലകൻ ഗൗതം ഗംഭീറുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“കാൻപൂർ ടെസ്റ്റിൽ രോഹിത് ശർമ്മ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ ടി20 പരമ്പര ഇതിനകം ആരംഭിച്ചതായി തോന്നി. ഇത് രോഹിത് ശർമ്മയുടെ ശൈലിയിലുള്ള ഒരു മികച്ച സമീപനമായിരുന്നു. രണ്ട് ദിവസത്തെ കളി നടക്കാതിരുന്നതിന് ശേഷം വളരെ കുറച്ച് ടീമുകൾക്ക് മാത്രമേ ഫലം നേടാൻ കഴിയൂ, പക്ഷേ കാൺപൂർ ടെസ്റ്റ് വിജയിച്ചത് ഒരു വിജയമായിരുന്നു. മികച്ച ക്യാപ്റ്റൻസിയുടെയും നേതൃത്വത്തിൻ്റെയും മികവ് രോഹിത്തിൽ നിന്നാണ് ഞാൻ പഠിച്ചത്.”
“ഞാനും കോച്ച് ഗംഭീറും ഒരു പ്രത്യേക ബന്ധം പങ്കിടുന്നു. അവൻ എപ്പോഴും എൻ്റെ കഴിവുകളെ പിന്തുണച്ചിട്ടുണ്ട്, എനിക്കത് ഒരിക്കലും മറക്കാൻ കഴിയില്ല. ഞാൻ അവനോട് ഒന്നും പ്രകടിപ്പിക്കാത്തപ്പോൾ പോലും, എൻ്റെ ശരീരഭാഷയിലൂടെയോ നോക്കുന്നതിലൂടെയോ അദ്ദേഹം എങ്ങനെയെങ്കിലും എന്നെ മനസ്സിലാക്കുന്നു. ” സൂര്യകുമാർ പറഞ്ഞു.
എന്തായാലും സൂര്യകുമാർ എന്ന നായകന് മികച്ച രീതിയിൽ ഉള്ള അഭിനന്ദനമാണ് ഇപ്പോൾ കിട്ടുന്നത്. ഈ മികവ് തുടരാനാകും സൂര്യയും ശ്രമിക്കുക.