സിറിയയെ സൈനികമായി ഇല്ലാതാക്കി; ഒറ്റ രാത്രികൊണ്ട് ഡമാസ്‌കസിലേക്ക് കടന്നുകയറി ഇസ്രയേല്‍; നടത്തിയത് 300ലേറെ വ്യോമാക്രമണങ്ങള്‍; വിമതരെ തുരുത്തി രാജ്യം പിടിച്ചടക്കുന്നു

സിറിയയെ സൈനികമായി ഇല്ലാതാക്കി; ഒറ്റ രാത്രികൊണ്ട് ഡമാസ്‌കസിലേക്ക് കടന്നുകയറി ഇസ്രയേല്‍; നടത്തിയത് 300ലേറെ വ്യോമാക്രമണങ്ങള്‍; വിമതരെ തുരുത്തി രാജ്യം പിടിച്ചടക്കുന്നു

സിറിയയെ സൈനികമായി ഇല്ലാതാക്കി രാജ്യത്തേക്ക് കടന്നുകയി ഇസ്രായേല്‍. വിമാനത്താവളങ്ങള്‍, വ്യോമ- നാവികകേന്ദ്രങ്ങള്‍ എന്നിവ നാമാവശേഷമാക്കിയ കനത്ത വ്യോമാക്രമണങ്ങള്‍ക്കിടെ ഇസ്രായേല്‍ കരസേന സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിനരികെ എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഷാര്‍ അല്‍-അസദ് അധികാരഭ്രഷ്ടനായ ശേഷം ഇസ്രയേല്‍ മുന്നൂറിലധികം വ്യോമാക്രമണം നടത്തിയെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

ഒറ്റരാത്രികൊണ്ട് ഡമാസ്‌കസിന് 25 കിലോമീറ്റര്‍ അകലെവരെ ഇസ്രേലി സേന പ്രവേശിച്ചെന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന അറിയിച്ചു. എന്നാല്‍, ബഫര്‍ സോണിലാണ് സേനയുള്ളതെന്ന് ഇസ്രേലി സൈനിക വക്താവ് അറിയിച്ചു. ഈജിപ്റ്റ്, ജോര്‍ദാന്‍, സൗദി അറേബ്യ, ഇറാന്‍, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചു. രാസായുധങ്ങളും മറ്റ് ആയുധങ്ങളും വിമത തീവ്രവാദികളുടെ പക്കല്‍ എത്താതിരിക്കാനാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ പറയുന്നത്.

തെക്കന്‍ സിറിയയില്‍ ഖുനൈത്ര ഗവര്‍ണറേറ്റും ഇസ്രായേല്‍ പിടിച്ചിട്ടുണ്ട്. ഗോലാന്‍ കുന്നുകളോടു ചേര്‍ന്ന ബഫര്‍ സോണില്‍ 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി ഹെര്‍മോണ്‍ മലയിലും നിരവധി സമീപ ഗ്രാമങ്ങളിലും കടന്നുകയറിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്ററോളം സിറിയന്‍ പ്രദേശം ഇസ്രായേല്‍ പിടിച്ചതായാണ് കണക്ക്. ലബനാന്‍ അതിര്‍ത്തിയോടുചേര്‍ന്ന സിറിയന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ കടന്നുകയറ്റം നടത്തുന്നതായി ബൈറൂത് ആസ്ഥാനമായ മയാദീന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. 1974ലെ ഉഭയകക്ഷി ധാരണകള്‍ ലംഘിച്ചാണ് വന്‍ കടന്നുകയറ്റം. കടന്നുകയറ്റ വാര്‍ത്തകള്‍ ഇസ്രായേല്‍ നിഷേധിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിനത്തിലെ ആക്രമണങ്ങളില്‍ സിറിയന്‍ സേനക്കു കീഴിലുണ്ടായിരുന്ന യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, സൈനിക താവളങ്ങള്‍, ആയുധനിര്‍മാണ-സംഭരണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണമായും തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരത്തോടുചേര്‍ന്ന മസ്സ വ്യോമതാവളം നാമാവശേഷമാക്കപ്പെട്ടവയില്‍ പെടും. 300ലേറെ വ്യോമാക്രമണങ്ങളാണ് രണ്ടുദിവസത്തിനിടെ ഇസ്രായേല്‍ ബോംബറുകള്‍ സിറിയയിലുടനീളം നടത്തിയത്. പ്രതികരിക്കാനോ സൈനികമായി തിരിച്ചടിക്കാനോ ഭരണകൂടം ഇല്ലൊത്തത് ഇസ്രയേല്‍ മുതലാക്കുകയാണ്. ലടാകിയ തുറമുഖത്ത് നങ്കൂരമിട്ട യുദ്ധക്കപ്പലുകള്‍ തകര്‍ത്തു. ഇവയിലുണ്ടായിരുന്ന കപ്പല്‍വേധ മിസൈലുകളും തകര്‍ത്തു.

അതേസമയം, ഹയാത് താഹിര്‍ അല്‍ -ഷാം(എച്ച്ടിഎസ്) നേതാവ് മുഹമ്മദ് അല്‍ -ബഷീറിനെ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ഇദ്ലിബ് പ്രവിശ്യയിലെ എച്ച്ടിഎസ് സര്‍ക്കാരിനു നേതൃത്വം നല്കിയ ആളാണ് ബഷീര്‍.

മാര്‍ച്ച് ഒന്നു വരെ താന്‍ സ്ഥാനത്തു തുടരുമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരോടും ആരോഗ്യ പ്രവര്‍ത്തകരോടും ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

അസദ് ഭരണത്തിനു പുറത്തായതിനു പിന്നാലെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ ഒളിച്ചോടിയിരുന്നു. ഡമാസ്‌കസ് ഇന്നലെ സാധാരണനിലയിലായി. സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ തുറന്നു പ്രവര്‍ത്തിച്ചു.

പൗരാണികമായ ഹമിദിയോ മാര്‍ക്കറ്റിലെ കടകള്‍ തുറന്നു. രാജ്യത്തെ 1.6 കോടി ജനങ്ങള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്നു യുഎന്‍ അറിയിച്ചു.

അസദ് ഭരണം അവസാനിച്ചതോടെ യൂറോപ്യന്‍ യൂണിയന്‍ ഇനി സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്നാണു റിപ്പോര്‍ട്ട്. സിറിയന്‍ ഭരണകൂടം കൊലപ്പെടുത്തിയ 40 രാഷ്ട്രീയതടവുകാരുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയെന്നും വിമതസേന അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *