
തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മൂന്ന് വര്‍ഷത്തേക്കാണ് കമ്പനിയ്‌ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. സണ്‍ ഏജ് കമ്പനിയെയാണ് തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
16 ടണ്‍ ആശുപത്രി മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. തമിഴ്‌നാട് വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് മാലിന്യം നീക്കം ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു.
സണ്‍ ഏജ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കരാറെടുത്ത കമ്പനി ആയിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലേത് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് സണ്‍ ഏജ് ആയിരുന്നു. സണ്‍ ഏജ് മറ്റൊരു കമ്പനിയ്ക്ക് മാലിന്യം നീക്കം ചെയ്യാന്‍ ഉപകരാര്‍ നല്‍കിയിരുന്നു.
ഉപകരാറെടുത്ത കമ്പനിയാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. പിന്നാലെ കമ്പനിയുടെ കരാര്‍ റദ്ദാക്കുകയായിരുന്നു.