
സർക്കാർ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയ്ക്ക് ഭാവിയിൽ നൽകുന്ന എല്ലാ ധനസഹായവും നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. “ദക്ഷിണാഫ്രിക്ക ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് വളരെ മോശമായി പെരുമാറുകയും ചെയ്യുന്നു.
അമേരിക്ക അതിന് വേണ്ടി നിലകൊള്ളില്ല, ഞങ്ങൾ നടപടിയെടുക്കും. കൂടാതെ, ഈ സാഹചര്യത്തെക്കുറിച്ചുള്ള പൂർണ്ണമായ അന്വേഷണം പൂർത്തിയാകുന്നതുവരെ ദക്ഷിണാഫ്രിക്കയ്ക്കുള്ള എല്ലാ ഭാവി ധനസഹായവും ഞാൻ നിർത്തലാക്കും!”. ട്രംപ് കുറിച്ചു. യുഎസ് ഗവൺമെന്റിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 ൽ ദക്ഷിണാഫ്രിക്കക്ക് ആരോഗ്യ പരിപാടികൾ, സാമ്പത്തിക വികസനം, സുരക്ഷാ സഹകരണം എന്നിവക്ക് വേണ്ടി സഹായമായി അമേരിക്ക ഏകദേശം 440 മില്യൺ ഡോളർ അനുവദിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ തീരുമാനം അനുസരിച്ച്, അദ്ദേഹത്തിന്റെ ഭരണകൂടം ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധനയിൽ ആയിരിക്കുമ്പോൾ ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കും.