
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ യുഎസിൽ ടിക് ടോക്ക് ആക്സസ് പുനരുജ്ജീവിപ്പിക്കുമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് കുറഞ്ഞത് പകുതിയെങ്കിലും യുഎസ് നിക്ഷേപകരുടെ ഉടമസ്ഥതയിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷാ കാരണങ്ങളാൽ അടച്ചുപൂട്ടാനുള്ള നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരുന്നതിന് മുന്നേ ശനിയാഴ്ച വൈകി ടിക് ടോക്ക് അതിൻ്റെ 170 ദശലക്ഷം അമേരിക്കൻ ഉപയോക്താക്കൾക്കായി പ്രവർത്തിക്കുന്നത് നിർത്തിയിരുന്നു. ചൈനീസ് മാതൃ കമ്പനിയായ ByteDance ന് കീഴിൽ അമേരിക്കക്കാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് ബാൻ ചെയ്തത്.
ടിക് ടോക്ക് അതിൻ്റെ ഉപയോക്താക്കൾക്കുള്ള സന്ദേശത്തിൽ പറഞ്ഞു: “പ്രസിഡൻ്റ് ട്രംപിൻ്റെ ശ്രമങ്ങളുടെ ഫലമായി ടിക് ടോക്ക് യുഎസിൽ തിരിച്ചെത്തി.” ടിക് ടോക്ക് നിരോധനം നടപ്പാക്കുന്നത് 90 ദിവസത്തേക്ക് വൈകിപ്പിക്കാൻ യുഎസിൻ്റെ 47-ാമത് പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിക്കാൻ ആലോചിക്കുന്നതായി ഡൊണാൾഡ് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യലിൽ എഴുതി.
“നിയമത്തിൻ്റെ വിലക്കുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കാലയളവ് നീട്ടുമെന്നും അതുവഴി നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ഒരു കരാറുണ്ടാക്കാൻ കഴിയുമെന്നും” അദ്ദേഹം പറഞ്ഞു. “ഒരു സംയുക്ത സംരംഭത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന് 50 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി.