തമിഴ് സിനിമ താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പതാക പുറത്തിറങ്ങിയതിന് പിന്നാലെ പിറവിയെടുത്ത ‘ആന’ തര്‍ക്കത്തിന് അവസാനം. തമിഴക വെട്രി കഴകത്തിന്‍റെ പതാകയ്‌ക്കെതിരെ നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മായാവതിയുടെ പാര്‍ട്ടിയായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്.
തമിഴക വെട്രി കഴകത്തിന്‍റെ പതാകയിലെ ‘ആന’ തങ്ങളുടെ ചിഹ്നമാണ് എന്നായിരുന്നു ബിഎസ്‌പിയുടെ പരാതി. തമിഴക വെട്രി കഴകത്തിന്‍റെ പതാക പുറത്തിറങ്ങിയതിന് പിന്നാലെ പരാതിയുമായി ബിഎസ്‌പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത് തമിഴക വെട്രി കഴകത്തിന് വലിയ ആശ്വസമാണ്.
ടിവികെ പതാകയില്‍ അപാകതകള്‍ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ടിവികെയുടെ പതാക മാറ്റേണ്ട ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 22നാണ് തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചത്. പാർട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. മഞ്ഞളും ചുവപ്പും ചേര്‍ന്ന പതാകയില്‍ പൂവും ആനയെയും കാണാം.
അതേസമയം പതാകയേക്കുറിച്ച് വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് വ്യക്തമാക്കുന്നത്. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളുമെന്നും തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കി.