
യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് ഇന്നലെ വാഷിങ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങൾ കരക്കെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കൻ ഏജൻസികൾ അറിയിക്കുന്നു.
മരിച്ചവരിൽ 14 ഫിഗർ സ്കേറ്റിംഗ് താരങ്ങളും ഉൾപ്പെട്ടതായാണ് വിവരം. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെടുത്തു. മുങ്ങൽ വിദഗ്ധർ തത്കാലത്തേക്ക് തിരച്ചിൽ നിർത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്‌ഗൻ നാഷണൽ എയർപോർട്ട് പ്രവർത്തനം പുനരാരംഭിച്ചു.
അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു. ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. അതിനിടെ അപകടത്തിൽ ബൈഡൻ സർക്കാരിനെ പഴിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മുൻ സർക്കാരിൻ്റെ ഡൈവേർസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ട്രംപ് ആരോപിച്ചു.
കാൻസാസിൽ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തൽപ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വിമാനം സമീപത്തെ പൊട്ടൊമാക് നദിയിലേക്ക് വീണു. അമേരിക്കൻ എയർലൈൻസിൻ്റെ സിആർജെ – 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 375 അടി ഉയരത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.