ഭൂമിയിലുള്ള മുഴുവൻ ജലത്തിൻ്റെ ഇരട്ടിയോളം , വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലെ സമുദ്രം

ഭൂമിയിലുള്ള മുഴുവൻ ജലത്തിൻ്റെ ഇരട്ടിയോളം , വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലെ സമുദ്രം

വ്യാഴത്തിന്റെ 95-ൽ അധികം വരുന്ന ഉപഗ്രഹങ്ങളിൽ, പ്രധാനപ്പെട്ട നാലു ഗലീലിയൻ ഉപഗ്രഹങ്ങളിൽ ഒന്നാണ് യൂറോപ്പ. സൂര്യനിൽ നിന്നും 754 മില്യൺ കിലോമീറ്റർ അകലെയുള്ള യൂറോപ്പയുടെ ഉപരിതലത്തിൽ -160⁰ C തണുത്തുറഞ്ഞ ഐസ് പാളികളാണ് ഉള്ളത്. എങ്കിലും അവിടെ ദ്രവരൂപത്തിൽ വലിയ അളവിൽ ജലം ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. എല്ലിപ്റ്റിക്കൽ ഓർബിറ്റിൽ വ്യാഴത്തെ ചുറ്റുന്ന യൂറോപ്പ, വ്യാഴത്തിന്റെ ശക്തമായ ഗ്രാവിറ്റിയുടെ സ്വാധീനത്തിൽ, ആന്തരിക ഭാഗങ്ങൾ ഞെരിഞ്ഞ് ചൂടുണ്ടാകും. ഈ ചൂട്, ജലം ദ്രാവക രൂപത്തിൽ നിലനിൽക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. ഈ വർഷം ഒക്ടോബറിൽ, നാസയുടെ യൂറോപ്പ ക്ലിപ്പർ എന്ന പേടകം, ജീവന്റെ സാന്നിധ്യം അന്വേഷിക്കാനായി യൂറോപ്പയിലേക്ക് യാത്രതിരിക്കും.

യുറോപ്പയിലെ സമുദ്രം

യുറോപ്പയുടെ മഞ്ഞ് മൂടിയ പുറംതോടിന് കീഴിൽ ഉപ്പു കലർന്ന ദ്രാവക ജലത്തിന്റെ സമുദ്രം ഉണ്ടെന്ന നിഗമനത്തിലേക്കാണ് സ്വതന്ത്രമായ പല തെളിവുകളും നയിക്കുന്നത്. ഗ്രഹത്തിൻ്റെ മൊത്തത്തിലുള്ള വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ സമുദ്രം കട്ടി കുറഞ്ഞതാണെങ്കിലും 40 മുതൽ 100 മൈൽ (60 മുതൽ 150 കിലോമീറ്റർ വരെ) ആഴമുള്ളതാണെന്ന് കരുതപ്പെടുന്നു. ഇത് ഭൂമിയിലുള്ള മുഴുവൻ ജലത്തിൻ്റെ ഇരട്ടിയോളം വരും. യൂറോപ്പയിൽ സമുദ്രം ഉണ്ടെന്നതു സ്ഥിരീകരിക്കുകയും, അതിന്റെ ആഴവും ലവണാംശവും അളക്കുകയും എന്നത് യൂറോപ്പ ക്ലിപ്പറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്.

കാന്തികമണ്ഡലം

മുമ്പ് യൂറോപ്പയിൽ പര്യവേക്ഷണം നടത്തിയ ഗലീലിയോ പേടകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്നാണ് വ്യാഴത്തിന്റെ കാന്തികക്ഷേത്രത്തിന് യൂറോപ്പയ്ക്ക് ചുറ്റുമുള്ള ഭാഗത്ത് വ്യതിയാനം സംഭവിക്കുന്നത്. വ്യാഴത്തിന്റെ ശക്തമായ കാന്തികക്ഷേത്രവുമായി ഇടപഴകുന്ന ഉപരിതലത്തിന് താഴെ, ചില വൈദ്യുതചാലക ദ്രാവകങ്ങളുടെ (ഉപ്പുവെള്ളം പോലുള്ള) ആഴത്തിലുള്ള പാളി, യൂറോപ്പയ്ക്ക് ഒരു പ്രത്യേക തരം കാന്തികക്ഷേത്രം സൃഷ്ടിക്കുമെന്ന് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നു. യുറോപ്പ ക്ലിപ്പർ ഈ കാന്തികക്ഷേത്രത്തെക്കുറിച്ച് പഠിക്കും.

അന്തരീക്ഷം

യൂറോപ്പയിൽ വളരെ നേർത്ത ഓക്സിജൻ അന്തരീക്ഷമുണ്ട്. ഭൂമിയുടെ അന്തരീക്ഷമർദ്ദത്തിൻ്റെ 100 ബില്യണിൽ ഒന്ന് മാത്രമേ ഉള്ളൂ എങ്കിലും യൂറോപ്പയുടെ നേർത്ത അന്തരീക്ഷം സജീവമാണ്. ഹബിൾ ബഹിരാകാശ ടെലിസ്കോപ്പും മറ്റ് ഉപകരണങ്ങളുടെ സഹായത്തോടെയും ഗവേഷകർ, യുറോപ്പ ബഹിരാകാശത്തേക്ക് ജലം ഒഴുക്കിവിടുന്നുണ്ടെന്നതിന് തെളിവുകൾ കണ്ടെത്തി, മറ്റ് വാതകങ്ങളും യൂറോപ്പയിൽ നിന്നും ചോർന്നേക്കാം. യുറോപ്പയിൽ നിന്ന് പൊടിപടലങ്ങൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്. യുറോപ്പ ക്ലിപ്പർ ബഹിരാകാശ പേടകം അത്തരം ജലാശയങ്ങൾക്കായി തിരയുകയും വ്യാഴവുമായി എങ്ങനെ ഇടപഴകുന്നു എന്നതുൾപ്പെടെ യൂറോപ്പയുടെ അന്തരീക്ഷത്തിൻ്റെ മറ്റ് സവിശേഷതകൾ പഠിക്കുകയും ചെയ്യും.

യൂറോപ്പയുടെ ജല-ഐസ് ഉപരിതലം സൗരയൂഥത്തിലെ ഏതൊരു ഉറച്ച ഉപരിതലം ഉള്ള ഗോളത്തേക്കാൾ മിനുസമുള്ളതാണ്. ഉപരിതലത്തിൽ താരതമ്യേന കുറച്ച് ഗർത്തങ്ങളാണുള്ളത്, കൂടാതെ 40 മുതൽ 90 ദശലക്ഷം വർഷത്തിൽ കൂടുതൽ പഴക്കമുള്ളതായി കാണപ്പെടുന്നില്ല. യൂറോപ്പ വ്യാഴത്തെ പരിക്രമണം ചെയ്യുമ്പോൾ ശക്തമായ വേലിയേറ്റം അനുഭവപ്പെടുന്നു. അത് യൂറോപ്പയുടെ മഞ്ഞുമൂടിയ പുറംതോട് വളയാൻ കാരണമാകുന്നു. ഈ വളച്ചൊടിക്കൽ അതിൻ്റെ ഉപരിതലത്തിൻ്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന രേഖീയ വിള്ളലുകൾ, വരമ്പുകൾ, ബാൻഡുകൾ, കുഴികൾ എന്നിവയുടെ സങ്കീർണ്ണമായ പാറ്റേണുകൾ ഉണ്ടാകാൻ കാരണമാകുന്നു.

പുറം പാളി

ഏകദേശം 10 മുതൽ 15 മൈൽ (15 മുതൽ 25 കിലോമീറ്റർ വരെ) വരെ കനമുള്ളതാകാം യൂറോപ്പയുടെ പുറം മഞ്ഞുപാളി. ഈ മഞ്ഞുപാളി ദ്രവജല സമുദ്രത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ശിലാപാളി പോലെ അല്ലാതെ, യൂറോപ്പയുടെ ഉപരിതലം എറ്റവും പ്രധാനമായും കട്ടിയുള്ള ജല ഐസ് കൊണ്ടാണ് നിർമിതമായിരിക്കുന്നത്. ഇതിൽ ചെറിയ അംശം ഉപ്പുമിശ്രിതങ്ങളും, ഒരുപക്ഷേ ജൈവ രാസവസ്തുക്കളും ഉൾപ്പെടും. വ്യാഴത്തിൻ്റെ ഗുരുത്വാകർഷണം യൂറോപ്പയുടെ മഞ്ഞുപാളിയിൽ വിള്ളലുകൾ വരുത്തപ്പെടുകയാണെങ്കിൽ, സമുദ്രത്തിലെ പദാർഥങ്ങൾ യുറോപ്പയുടെ ഉപരിതലത്തിലെത്താനും, അതേപോലെ ഉപരിതലത്തിലെ പദാർഥങ്ങൾ സമുദ്രത്തിലേക്ക് നീങ്ങാനും കഴിയും. ഇത്തരത്തിൽ ദ്രാവക ജലം ഉപരിതലത്തിനടുത്തോ, ഉപരിതലത്തിലേക്ക് പൊട്ടിത്തെറിച്ചോ എത്തിയാൽ ഉണ്ടാകാവുന്ന ചൂടുള്ള പ്രദേശങ്ങൾ കണ്ടെത്താൽ യുറോപ്പ ക്ലിപ്പറിന് സാധിക്കും.

പാറകളും, ഇരുമ്പിനാലും സമ്പുഷ്ടവുമായ ഉൾക്കാമ്പ്

യൂറോപ്പയുടെ പാറക്കെട്ടുകൾ നിറഞ്ഞ ഉൾവശം സമുദ്രപാളിക്കും അകക്കാമ്പിനും ഇടയിൽ സ്ഥിതിചെയ്യുന്നു. ഈ പാളിയുടെ വ്യാസം കൃത്യമായി അറിയില്ല. വ്യാഴത്തിന്റെ ഗുരുത്വാകർഷണത്തിന് കീഴിൽ യൂറോപ്പ വളയുന്നതിനാൽ, സമുദ്രജലം പാറക്കെട്ടിന്റെ ഉൾഭാഗത്തേക്ക് അരിച്ചിറങ്ങുകയും പാറയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ധാതുക്കളും കാർബൺ അടങ്ങിയ ഓർഗാനിക് സംയുക്തങ്ങളും അടങ്ങിയ വെള്ളം പാറയുടെ വിള്ളലുകളിൽ കൂടി തിരികെ ഒഴുകി സമുദ്രത്തിന്റെ അടിത്തട്ടിൽ അടിയുകയും ചെയ്യും. ഇത്തരമൊരു പ്രക്രിയയിലൂടെ സമുദ്രത്തിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളും ലളിതമായ ജീവജാലങ്ങൾക്ക് ഭക്ഷണമാകാവുന്ന വസ്തുക്കളും ഉണ്ടാകാൻ സാധ്യതയുണ്ട്. യൂറോപ്പയുടെ മെറ്റാലിക് കാമ്പിന്റെ കൃത്യമായ വലിപ്പവും ഘടനയും ഇതുവരെ അജ്ഞാതമാണ്. എന്നാൽ യുറോപ്പ ക്ലിപ്പർ മിഷനിൽ നിന്നുള്ള യുറോപ്പയുടെ ഗുരുത്വാകർഷണത്തിൻ്റെയും ഘടനയുടെയും അളവുകൾ ശാസ്ത്രജ്ഞരെ അതിന്റെ കാമ്പിന്റെ വ്യാസം കണ്ടെത്തുന്നതിൽ സഹായിക്കാം.

യുറോപ്പയെക്കുറിച്ചുള്ള പഠനം, നമ്മുടെ സൗരയൂഥത്തിനു പുറത്തുള്ള ജീവൻ സാധ്യമായ ലോകങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും. അതിനായി ഉപരിതല ഘടനയുടെ മാപ്പ് തയ്യാറാക്കാനും, ആന്തരിക സമുദ്രത്തിന്റെ തെളിവുകൾ ശേഖരിക്കാനും, മഞ്ഞുപാളിയിൽ നിന്നുള്ള ജലബാഷ്പം കണ്ടെത്താനും യുറോപ്പ ക്ലിപ്പറിൽ അത്യാധുനിക ഉപകരണങ്ങളാണ് ഉള്ളത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *