രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെ; എയർലിഫ്റ്റിം​ഗിന് ചെലവായ തുക 132.62 കോടി കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം

രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെ; എയർലിഫ്റ്റിം​ഗിന് ചെലവായ തുക 132.62 കോടി കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം

2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള രക്ഷാപ്രവർത്തനത്തിനായുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവാക്കിയ 132,62,00,000 ലക്ഷം രൂപ കേരളം അടിയന്തരമായി തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്ത് നൽകി. കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗര്‍ ആണ് കത്തയച്ചത്.

വയനാട് ദുരന്തത്തിന് കേന്ദ്രം ഒരു രൂപ പോലും തന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നു ദിവസങ്ങൾക്കുള്ളിൽ ആണ് കേന്ദ്രത്തിന്റെ പുതിയ നിർദേശം. വയനാട് ഉരുള്‍പൊട്ടല്‍, പ്രളയ രക്ഷാപ്രവര്‍ത്തനം എന്നിവയുമായൊക്കെ ബന്ധപ്പെട്ടാണ് വ്യോമ സേനയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്. സാധാരണ ഇത്തരത്തിലുള്ള തുക കുടിശികയായി വരുമ്പോള്‍ എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് ആ തുക കുറയ്ക്കുകയാണ് പതിവ്.

വയനാട് ദുരന്തത്തിന്റെ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപയാണ്. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപയാണ്. വയനാട് ധനസഹായത്തെ ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിൽ വലിയ തർക്കം നടക്കുമ്പോഴാണ് കത്ത് പുറത്തുവന്നത്.

പുനരധിവാസത്തിന് കാര്യമായ സഹായം കിട്ടിയില്ലെന്ന കേരളത്തിന്റെ വലിയ പരാതി നിലനില്‍ക്കെയാണ് എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പില്‍ നിന്ന് വലിയൊരു തുക കേന്ദ്രം തിരിച്ച് ചോദിക്കുന്നത്. 2018 ലെ പ്രളയത്തിലും സമാനമായ രീതിയിൽ എയര്‍ലിഫ്റ്റ് സേവനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *