നായകനല്ല, ‘വില്ലന്‍’ ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി ‘രാമായണ’യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

നായകനല്ല, ‘വില്ലന്‍’ ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി ‘രാമായണ’യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

ഏത് സിനിമയാണെങ്കിലും അതില്‍ അഭിനയിക്കുന്ന നായകന്‍ / നായിക ആരാണ് എന്നതിന് അനുസരിച്ചായിരിക്കും ആ സിനിമയുടെ തുടക്കം മുതലുള്ള ഹൈപ്പ്. തിയേറ്ററില്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്നതിനും പ്രധാന കാരണക്കാരന്‍ സിനിമയിലെ ഹീറോ തന്നെയാണ് എന്നുതന്നെ പറയാം. ഇന്ത്യന്‍ സിനിമയില്‍ നായകന്മാര്‍ക്ക് പ്രതിഫലം കൂടുതലാണ് എന്ന കാര്യം ഉറപ്പിക്കുന്നതാണ് ഈ ഒരു കാര്യവും. ഇന്ന് പല മുന്‍നിര നായകന്മാരും ബിഗ് ബജറ്റ് സിനിമകള്‍ക്കായി വാങ്ങുന്നത് തന്നെ 100 കോടിയൊക്കെയാണ്. നായകന്മാരുടെ പ്രതിഫലം വര്‍ധിച്ചതോടെ അത്ര തന്നെ അല്ലെങ്കിലും മറ്റുള്ള നടന്മാരുടെയും നടിമാരുടെയും പ്രതിഫലവും കൂടുകയും ചെയ്തു.

ഇന്ത്യയില്‍ ബിഗ്-ബജറ്റ് സിനിമകളില്‍ മുന്‍നിര നായകന്മാര്‍ വില്ലന്‍ കഥാപാത്രങ്ങളിലേക്കും എത്തിയതോടെ അവര്‍ നായകന്മാരെക്കാള്‍ പ്രതിഫലം വാങ്ങാനും തുടങ്ങി. ഇവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ഒരൊറ്റ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ വാങ്ങിയത് 200 കോടി രൂപയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലനായി മാറിയിരിക്കുകയാണ് കെജിഎഫ് സീരിസിലൂടെ പ്രശസ്തനായ കന്നഡ സൂപ്പര്‍താരം യാഷ്. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായി ഒരുങ്ങുന്ന, നിതേഷ് തിവാരിയുടെ രാമായണ എന്ന ചിത്രത്തില്‍ വില്ലനും ചിത്രത്തിന്റെ സഹനിര്‍മ്മാതാവും കൂടിയാണ് താരം.

യാഷിന്റെ മൊത്തം പ്രതിഫലവും ചിത്രത്തിലെ വിതരണ വിഹിതവും 200 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സിനിമയിലെ പ്രധാന കഥാപാത്രമായി എത്തുന്ന രണ്‍ബിര്‍ കപൂറിനേക്കാള്‍ കൂടുതലാണ്. രാമായണത്തില്‍ രാവണനായാണ് യാഷ് എത്തുന്നത്. ഇതോടെ ഇതുവരെയുള്ള സിനിമകളില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലനായി യാഷ് മാറും. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് രണ്‍ബിര്‍ ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. സായ് പല്ലവി ആവശ്യപ്പെട്ടത് ആറ് കോടി രൂപയാണ്. രണ്‍ബിറിന്റെ പ്രതിഫലത്തേക്കാള്‍ വളരെ ചെറിയ തുകയാണ് ഇതെങ്കിലും തന്റെ പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ് സായ് പല്ലവി.

സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. അതേസമയം, കല്‍ക്കി 2898 എഡിലെ അതിഥി വേഷത്തിന് 25-40 കോടി രൂപ പ്രതിഫലം ലഭിച്ച കമല്‍ ഹാസനെ പിന്തള്ളിയാണ് യാഷ് രാമായണത്തിനായി ഇത്രയും പ്രതിഫലം വാങ്ങുന്നത്. രാമായണത്തിനായി 200 കോടി രൂപ യാഷ് വാങ്ങുന്നത് നിസ്സാര കാര്യമല്ല. ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങള്‍ പോലും ഒരു ചിത്രത്തിന് ഈടാക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഈ തുക.

ജവാന്‍ ഒഴികെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഷാരൂഖ് ഖാന്‍ ഒരു ചിത്രത്തിന് 150 കോടിക്ക് അടുത്താണ് പ്രതിഫലം വാങ്ങുന്നത്. ഇതിനേക്കാള്‍ കൂടുതലാണ് യാഷ് വാങ്ങുന്നത്. സല്‍മാന്‍ ഖാനും തന്റെ ഏറ്റവും വലിയ ഹിറ്റുകള്‍ക്ക് സമാനമായ തുക വാങ്ങിയിട്ടുണ്ട്. അതേസമയം ആമിര്‍ ഖാന്‍ 200 കോടി രൂപ എന്ന പ്രതിഫലത്തില്‍ ഇതുവരെ എത്തിയിട്ടില്ല. തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായ പ്രഭാസ് ഒരു ചിത്രത്തിന് ഏകദേശം 120-150 കോടി രൂപ കൈപ്പറ്റുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഷാരൂഖ് ഖാന്‍ ഒഴികെ സിനിമയില്‍ 200 കോടിയിലധികം രൂപ പ്രതിഫലം വാങ്ങിയ മൂന്ന് അഭിനേതാക്കള്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ അല്ലു അര്‍ജുന്‍, രജനികാന്ത്, വിജയ് എന്നിവരാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *