വിസ കാലാവധി കഴിഞ്ഞാൽ പ്രവാസികൾക്ക് എത്രകാലം യുഎഇയിൽ തുടരാം?

വിസ കാലാവധി കഴിഞ്ഞാൽ പ്രവാസികൾക്ക് എത്രകാലം യുഎഇയിൽ തുടരാം?

അബുദാബി: യുഎഇയില്‍ റസിഡന്‍സി വിസ കാലാവധി കഴിഞ്ഞ ശേഷം ഒരു പ്രവാസിക്ക് വിസ പുതുക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യാതെ എത്ര കാലം യുഎഇയില്‍ തങ്ങാം? ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (യുഎഇ ഐസിപി) തങ്ങളുടെ വെബ്‌സൈറ്റ് പ്രകാരം റസിഡന്‍സി വിസയുടെ കാലാവധി കഴിഞ്ഞാലും വിസ കാന്‍സല്‍ ചെയ്താലും മൂന്ന് മുതല്‍ ആറ് മാസം വരെ യുഎഇയില്‍ തങ്ങാന്‍ ഏഴ് വിഭാഗം വിസക്കാര്‍ക്ക് അനുവാദമുണ്ട്.

2022 ഒക്ടോബര്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് താമസ കാലാവധി അവസാനിച്ചതിന് ശേഷം ആറു മാസത്തേക്ക് അഞ്ച് വിഭാഗങ്ങള്‍ക്കാണ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കാന്‍ അനുവാദമുള്ളത്.

* ഗോള്‍ഡന്‍ റസിഡന്‍സി ഉടമകളും അവരുടെ കുടുംബാംഗങ്ങളും.
* ഗ്രീന്‍ റസിഡന്‍സി ഉടമകളും അവരുടെ കുടുംബാംഗങ്ങളും.
* രാജ്യത്ത് താമസിക്കുന്ന ഒരു വിദേശിയുടെ വിധവയോ വിവാഹമോചിതയോ ആയ വ്യക്തി
രാജ്യത്തെ സര്‍വകലാശാലകളും കോളേജുകളും സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍
ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ വര്‍ഗീകരണമനുസരിച്ച് ഒന്നും രണ്ടും വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വൈദഗ്ധ്യമുള്ള തൊഴിലുകളുള്ള രാജ്യത്തെ താമസക്കാര്‍.

രണ്ട് വിഭാഗത്തിലുള്ള വിസകളുള്ള പ്രവാസികള്‍ക്ക് അവരുടെ വിസകള്‍ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്തതിന് ശേഷവും മൂന്നു മാസത്തേക്ക് തുടരാന്‍ അനുവാദമുണ്ടെന്ന് യുഎഇ ഐസിപി അറിയിച്ചു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ വര്‍ഗീകരണത്തില്‍ മൂന്നാം തലത്തിലുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷനുകളുള്ള രാജ്യത്തെ താമസക്കാര്‍, പ്രോപ്പര്‍ട്ടി ഉടമസ്ഥതയില്‍ റസിഡന്‍സ് വിസ ഉള്ള പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവര്‍ക്കാണ് ഇതിനുള്ള അനുമതി.

അതേസമയം, പഠനത്തിനോ ജോലിയ്ക്കോ ചികിത്സയ്ക്കോ വേണ്ടി രാജ്യത്തിന് പുറത്ത് ആറ് മാസത്തിലധികം താമസിച്ചതിന്റെ ഫലമായി താമസ വിസ കാലഹരണപ്പെട്ട യുഎഇ നിവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റിന് നിബന്ധനകളോടെ അപേക്ഷിക്കാനും അനുവാദമുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *