
സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ പേരില്‍ ആദ്യം കസ്റ്റഡയില്‍ എടുത്ത ഛത്തീസ്ഗഢ് സ്വദേശി ആകാശ് കനോജിയ പൊലീസിനെതിരെ രംഗത്ത്. തന്റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ജോലി നഷ്ടമായെന്നും വിവാഹം വരെ മുടങ്ങി പോയി എന്നുമാണ് ആകാശിന്റെ പരാതി. ജോലിക്കായി സെയ്ഫ് അലിഖാന്റെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്നാണ് ആകാശ് പറയുന്നത്.
മുംബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആകാശ്, മുംബൈ എല്‍ടിടി കൊല്‍ക്കത്ത ഷാലിമാര്‍ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് കഴിഞ്ഞ ജനുവരി 18ന് റെയില്‍വേ പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. ജനുവരി 19ന് പുലര്‍ച്ചെ യഥാര്‍ഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ മുംബൈയ്ക്ക് അടുത്ത് താനെയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു.
പിന്നാലെ ആകാശിനെ വിട്ടയച്ചെങ്കിലും പ്രതിയെന്ന തരത്തില്‍ വാര്‍ത്തയും ചിത്രവും പ്രചരിച്ചിരുന്നു. ചാനലുകള്‍ തന്റെ ചിത്രം സഹിതം വാര്‍ത്തകള്‍ നല്‍കിയതോടെ കുടുംബം ഞെട്ടിപ്പോയതായാണ് ആകാശ് പറയുന്നത്. ”മുംബൈ പൊലീസിന്റെ ജാഗ്രതക്കുറവ് എന്റെ ജീവിതം തകര്‍ത്തു. കുറ്റവാളിയെന്ന മട്ടില്‍ അവര്‍ എന്റെ പടം പുറത്തുവിട്ടു.”
”പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെയാണ് കസ്റ്റഡിയിലാകുന്നത്. അതോടെ, പെണ്‍വീട്ടുകാര്‍ പിന്മാറി. ജോലിക്കു വരേണ്ടതില്ലെന്ന് തൊഴിലുടമയും പറഞ്ഞു. എന്തായാലും യഥാര്‍ഥ പ്രതി പിടിയിലായതിനാല്‍ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം എല്ലാ കുറ്റവും എന്റെ മേല്‍ കെട്ടിവച്ചേനേ” എന്നാണ് ആകാശ് പറയുന്നത്.