‘മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു’; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

‘മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു’; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

പുഷ്പ 2 റിലീസ് ദിനം തിക്കിലും തിരക്കിലും സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്. സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ വാർത്താ സമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടു. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്.

യുവതിയുടെ മരണം താൻ പിറ്റേ ദിവസം മാത്രമാണ് അറിഞ്ഞത് എന്നായിരുന്നു അല്ലു അർജുൻ പറഞ്ഞിരുന്നത്. എന്നാൽ യുവതി മരിച്ച വിവരം അല്ലു അർജുനെ അറിയിക്കാൻ ചെന്നപ്പോൾ, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് എസിപിയെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നുവെന്നും പൊലീസ് പറഞ്ഞു. ‘സ്ഥിതിഗതികൾ കൈവിട്ടുപോകുകയാണെന്ന് അല്ലുവിനെ അറിയാമായിരുന്നു, എന്നിട്ടും അദ്ദേഹം സിനിമ കാണൽ തുടർന്നു’വെന്ന് പൊലീസ് പറഞ്ഞു.

അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടു. ഷോ പൂർത്തിയാകും മുൻപ് ഡിസിപിക്കൊപ്പം അല്ലു പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ ഉണ്ട്‌. പ്രതികരണം അനുകൂലം അല്ലാത്തതിനെ തുടർന്ന് എസിപി ഡിസിപിയെ ബാൽകാണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ നിർബന്ധിച്ച് പുറത്തിറക്കിയെന്നാണ് പൊലീസ് പറയുന്നത്.

തിരക്ക് അനിയന്ത്രിതമായതിനാൽ തിരിച്ചുപോകുമ്പോൾ ആരാധകരെ കാണരുതെന്ന് അല്ലുവിനോട് പൊലീസ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ നിർദേശവും നടൻ ലംഘിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റർ അധികാരികൾ പൊലീസിനെ ഡിസംബർ രണ്ടിന് കണ്ടിരുന്നു. എന്നാൽ തിരക്ക് കൈവിട്ടുപോകുമെന്നതിനാൽ പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ അല്ലു അർജുൻ തിയേറ്റർ സന്ദർശനത്തിന് എത്തുകയായിരുന്നു എന്നും എസിപി രമേശ് കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *