ഏത് താരമായാലും നിയമത്തിന് മുകളിലല്ല; ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെ; അല്ലു അര്‍ജുന്റെ അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി

ഏത് താരമായാലും നിയമത്തിന് മുകളിലല്ല; ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെ; അല്ലു അര്‍ജുന്റെ അറസ്റ്റില്‍ നിലപാട് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി

ഏത് താരമായാലും നിയമത്തിന് മുകളിലല്ലന്നും ഭരണഘടനയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. ഒരു അമ്മയെ നഷ്ടപ്പെട്ട കുടുംബത്തോട് ആര് സമാധാനം പറയുമെന്നും അദേഹം ചോദിച്ചു.

സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ് ചെയ്തത്. അല്ലു അര്‍ജുനുവേണ്ടി പ്രതിഷേധിക്കുന്നവര്‍ നിയമം ലംഘിച്ചാല്‍ അവരെയും അറസ്റ്റ് ചെയ്യും. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ യുദ്ധത്തിന് പോയി മടങ്ങിവരുന്നതുപോലെയല്ലല്ലോ ഇതെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ജയിലില്‍ എത്താത്തതിനെ തുടര്‍ന്നാണ് അല്ലു അര്‍ജുന്‍ ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ്-1 ബാരക്കില്‍ ആണ് അല്ലു അര്‍ജുന്‍ കഴിഞ്ഞത്. ഇന്നു രാവിലേ കോടതി ഉത്തരവ് വന്നശേഷം മാത്രമാകും മോചനം.

പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് നേരത്തേ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നാലാഴ്ചത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ആ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കോടതി പറഞ്ഞു. സൂപ്പര്‍ താരമാണെന്ന് കരുതി അല്ലു അര്‍ജുനോട് ഒരു പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാന്‍ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയില്‍ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *