യുദ്ധ വിമാനങ്ങളുടെ അകമ്പടിയില്‍ എബ്രഹാം ലിങ്കണ്‍; ഇസ്രയേലിന് കവചം ഒരുക്കും; പശ്ചിമേഷ്യയിലേക്ക് ഏറ്റവും നശീകരണശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക; നിര്‍ണായക നീക്കം

യുദ്ധ വിമാനങ്ങളുടെ അകമ്പടിയില്‍ എബ്രഹാം ലിങ്കണ്‍; ഇസ്രയേലിന് കവചം ഒരുക്കും; പശ്ചിമേഷ്യയിലേക്ക് ഏറ്റവും നശീകരണശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക; നിര്‍ണായക നീക്കം

ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. പശ്ചിമേഷ്യയില്‍ തുറന്ന യുദ്ധത്തിലേക്ക് സംഘര്‍ഷം നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക നീക്കം. മേഖലയില്‍ കൂടുതല്‍ സൈനികരെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്.

യുഎസ് നേവിയുടെ കൈവശമുള്ള ഏറ്റവും വലിയ രണ്ടാമത്തെ യുദ്ധക്കപ്പലാണ് മിഡില്‍ ഈസ്റ്റിലേക്ക് എത്തുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിയാണ് ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണം പ്രതിരോധിക്കാന്‍ അയച്ചിരിക്കുന്നത്.

അമേരിക്ക- ഇറാഖ് യുദ്ധസമയത്തും ഈ കപ്പലിനെ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരുന്നു. നിലവില്‍ നേവിയുടെ എട്ടാമത്തെ നിമിറ്റ്സ് ക്ലാസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂ മാന്‍ പ്രദേശത്തുണ്ട്. ഒരു നിര്‍ദ്ദേശം ഉണ്ടാകുന്നതുവരെ എബ്രഹാം ലിങ്കണ്‍ പ്രദേശത്ത് തന്നെ തുടരുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ അറിയിച്ചു.

ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളില്‍ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. ആണവായുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന എഫ്35 യുദ്ധ വിമാനങ്ങളെ വഹിക്കാന്‍ കഴിയുന്ന ഈ കപ്പല്‍ അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാമത് നിമിറ്റ്സ് ക്ലാസില്‍പ്പെടുന്നതാണ്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പല്‍ അറേബ്യന്‍ കടലില്‍ നിരീക്ഷണം നടത്തി വരികയായിരുന്നു.

ഈ മാസം യുഎസിലേക്ക് മടങ്ങാനിരുന്നതായിരുന്നു ഒമാന്‍ കടലിലുള്ള യുദ്ധക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണ്‍. ചെങ്കടലിലുള്ള ആണവ ശേഷിയുള്ള അന്തര്‍വാഹിനിയായ ജോര്‍ജിയ, മറ്റൊരു യുദ്ധക്കപ്പലായ ‘വാസ്പ്’ തുടങ്ങിയവയും മേഖലയിലുണ്ട്.

എഫ്-15, എഫ്-16, എഫ്-22, എ-10 എന്നിവയടക്കം വന്‍ യുദ്ധവിമാന ശേഖരവും അധികമായി എത്തിക്കും. ആഗസ്റ്റ് മുതല്‍ എഫ്-22 യുദ്ധവിമാനങ്ങളുടെ നാല് സ്‌ക്വാഡ്രനുകളാണ് മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഇവക്ക് പുറമെയാണ് അധികമായി വിമാനങ്ങള്‍ എത്തിക്കുന്നത്.

മേഖലയിലെ യു.എസ് സൈന്യത്തിന്റെ സുരക്ഷക്കും ഒപ്പം ഇസ്രായേലിനെ സംരക്ഷിക്കാനുമാകും അധിക സൈനിക വിന്യാസമെന്ന് പെന്റഗണ്‍ വക്താവ് സബ്രീന സിങ് പറഞ്ഞു.

പശ്ചിമേഷ്യയില്‍ 40,000 അമേരിക്കന്‍ സൈനികരാണ് നിലവിലുള്ളത്. പശ്ചിമേഷ്യന്‍ മേഖല ചുമതലയുള്ള സെന്‍ട്രല്‍ കമാന്‍ഡിനു കീഴില്‍ 34,000 പേരുണ്ട്. ഇറാഖ്, സിറിയ, ജോര്‍ഡന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെയും യു.എസ് താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *