അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അധോലോക ശൃംഖലയുടെ തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍. നിലവില്‍ അന്‍മോല്‍ ബിഷ്‌ണോയ് ഇന്ത്യയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം.
കാനഡ-യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അന്‍മോല്‍ ബിഷ്ണോയ് ഗുഢാലോചന നടത്തി എന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. സഹോദരന്‍ ലോറന്‍സ് ബിഷ്‌ണോയുടെ നിര്‍ദ്ദേശ പ്രകാരം പല കുറ്റകൃത്യങ്ങളും ആസൂത്രണം ചെയ്തിരുന്നത് അന്‍മോല്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അജിത്പവാര്‍ പക്ഷം എന്‍സിപി നേതാവ് ബാബാ സിദ്ധിഖിയുടെ കൊലപാതകത്തോടെയാണ് ലോറന്‍സ് ബിഷ്‌ണോയും സഹോദരന്‍ അന്‍മോലും വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ച വിഷയമാകുന്നത്. നിലവില്‍ ഗുജറാത്തിലെ ജയിലിലാണ് ലോറന്‍സ് ബിഷ്‌ണോയ്.