
ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഒരു ഉപദേശം തനിക്ക് മറക്കാൻ പറ്റില്ല എന്നും അതിനാൽ തന്നെ അത് ബെഡ്‌റൂമിൽ എഴുതി വെച്ചു എന്നും പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ മാത്യു കുഹ്‌നെമാൻ. തങ്ങളുടെ ശ്രീലങ്കൻ പര്യടനം വരുന്നതിനാൽ, ജഡേജയെ കാണാനും കൂടുതൽ ഉപദേശങ്ങൾ നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി 28-കാരൻ പറഞ്ഞു.
2023-ൻ്റെ തുടക്കത്തിൽ ഇന്ത്യൻ പര്യടനത്തിനിടെ കുഹ്‌നെമാൻ തൻ്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ഇൻഡോറിലെ ഒരു 5 വിക്കറ്റ് പ്രകടനം ഉൾപ്പെടെ 31.11 ശരാശരിയിൽ ഒമ്പത് വിക്കറ്റുമായി പരമ്പര പൂർത്തിയാക്കി. ജനുവരി 29 ന് ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് കളിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ താരം.
Cricbuzz-നോട് സംസാരിക്കുമ്പോൾ, ഓസ്ട്രേലിയൻ സ്പിന്നർ അവകാശപ്പെട്ടു:
“സിഡ്‌നി ടെസ്റ്റിനായി ഞാൻ ടീമിനൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തെ (ജഡേജ) കാണാൻ പറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ എനിക്ക് കഴിഞ്ഞില്ല. ഇന്ത്യയിൽ ജഡേജ എനിക്ക് നൽകിയ തന്ത്രങ്ങൾ, എൻ്റെ കിടപ്പുമുറിയിൽ എഴുതിയിട്ടുണ്ട്. അതിൽ ചിലത് ലങ്കയ്ക്ക് എതിരെ ഉപയോഗിക്കും.”
അതേസമയം ബ്രിസ്ബെയ്ൻ ഹീറ്റും ഹോബാർട്ട് ഹുറികെയ്ൻസും തമ്മിലുള്ള ബിഗ് ബാഷ് ലീഗ് (ബിബിഎൽ) മത്സരത്തിനിടെ കുഹ്നെമാന് പരിക്ക് പറ്റിയിരുന്നു . ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ശ്രീലങ്കയിലേക്ക് പോകാനുള്ള അനുമതി നേടുക ആയിരുന്നു.