
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നേരത്തെയും പ്രതി കുഞ്ഞിനെ മർദ്ദിച്ചിരുന്നതായി പോലീസ് പറയുന്നു.
കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാൽ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
അതേസമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും കൂട്ടിക്കൊണ്ട് പോകാൻ ആരും എത്താത്തതിനാൽ നിലവിൽ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകൾ ദേവേന്ദുവാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്.