റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ; റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിർണായകം

റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ; റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിർണായകം

ദീർഘദൂര മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് യുക്രെയ്നുണ്ടായിരുന്ന നിയന്ത്രണം നീക്കി അമേരിക്ക. യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ പ്രസിഡൻറ് ജോ ബൈഡൻ അനുമതി നൽകി. 300 കിലോമീറ്റർ ദൂരപരിധിയുള്ള ATACMS മിസൈലുകൾ ഉപയോഗിക്കാനാണ് അനുമതി.

പ്രസിഡൻറ് പദവിയൊഴിയാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക തീരുമാനം. എന്നാൽ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ പ്രസിഡൻറ് വൊളോഡിമിർ സെലൻസ്കി മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡൻ അനുമതി നൽകുന്നതോടെ ബ്രിട്ടനും ഫ്രാൻസും റഷ്യക്കെതിരായി ദീർഘദൂര മിസൈൽ ഉപയോഗത്തിന് അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.

യുക്രെയ്നെതിരായ യുദ്ധമുഖത്ത് റഷ്യ ഉത്തരകൊറിയൻ സൈനികരെ കൂടി വിന്യസിച്ചതിന് പിന്നാലെ റഷ്യക്കെതിരെ ആക്രമണം ശക്തമാക്കാൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കുർസ്ക് മേഖലയിലാണ് നിലവിൽ റഷ്യ – ഉത്തരകൊറിയൻ സൈനിക വിന്യാസം യുക്രെയ്ന് വലിയ ഭീഷണിയാകുന്നത്. ഇവിടെ ഏകദേശം 11,000ത്തിനടുത്ത് ഉത്തരകൊറിയൻ സൈനികർ മാത്രമുണ്ടെന്നാണ് യുക്രെയ്ൻ കണക്കുകൂട്ടൽ. ദീർഘദൂര മിസൈലുകൾക്ക് അനുമതി നൽകുന്നതോടെ ഇരുകൂട്ടരും സൈനിക ശക്തിയിൽ തുല്യനിലയിലേക്ക് എത്തുമെന്നാണ് നിരീക്ഷകർ പറയുന്നത്.

യുക്രെയ്‌നിൽ കഴിഞ്ഞ രാത്രിയും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണം റഷ്യ നടത്തി. യുക്രെയ്‌നിന്റെ ഊർജ സംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. ആക്രമണത്തിൽ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകൾ. ആക്രമണങ്ങളിൽ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *