രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ ഉയരുന്നതിന് പിന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി സന്ദേശം. തമിഴ്‌നാട്ടിലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇ -മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തിന് പിന്നാലെ സ്ഥലത്ത് പരിശോധന ശക്തമാക്കിയതായാണ് പൊലീസ് അറിയിക്കുന്നത്.
ഭീഷണി നേരിട്ട ഹോട്ടലുകളില്‍ തിരുപ്പതി ഈസ്റ്റ് പൊലീസ് സ്‌നിഫര്‍ ഡോഗുകളുമായെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളിലും സ്‌ഫോടനം നടത്തുമെന്ന് സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. മയക്കുമരുന്ന് കേസില്‍ ജാഫര്‍ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ മെയിലിലുണ്ട്.
അതേസമയം മെയിലില്‍ ഭീഷണിക്ക് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാണെന്നും ആരോപണമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്നാണ് ആരോപണം. വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 വിമാനങ്ങള്‍ക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്.