‘ഇന്ത്യന്‍ ഏജന്‌റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു’; ഗുരുതര ആരോപണവുമായി കാനഡ

‘ഇന്ത്യന്‍ ഏജന്‌റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു’; ഗുരുതര ആരോപണവുമായി കാനഡ

കാനഡയിൽ ഇന്ത്യന്‍ ഏജന്‌റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി കാനഡ. തങ്ങളുടെ രാജ്യത്തെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നേരിട്ട് പങ്കാളിയാണെന്ന് കാനഡ ആരോപിച്ചു. ദക്ഷിണേഷ്യന്‍ കനേഡിയന്‍ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആരോപിച്ചു.

തെളിവുകള്‍ ഒന്നും പങ്കുവെച്ചില്ലെങ്കിലും കാനഡയിലുള്ള ഇന്ത്യന്‍ ഏജന്‌റുമാര്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നാണ് കാനഡയുടെ ആരോപണം. മുംബൈയില്‍ എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിലെ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്‌റെ പങ്കും ബിഷ്‌ണോയിയെ കുറിച്ചുള്ള വാര്‍ത്തകളും മാധ്യമങ്ങളിൽ നിറഞ്ഞുനില്‍ക്കുമ്പോഴാണ് പുതിയ ആരോപണം ഉയരുന്നത്.

അതേസമയം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചതിനു പിന്നാലെ ഇന്നലെ ആറു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. 19ന് മുന്‍പ് ഇവര്‍ രാജ്യം വിടണമെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി കാനഡ രംഗത്തെത്തിയിരിക്കുന്നത്.

ഹര്‍ദീപ് സിങ് നിജ്ജാറിന്‌റെ കൊലപാതകവും മറ്റ് അക്രമസംഭവങ്ങളുമായി ഇന്ത്യൻ ഏജന്‌റുമാര്‍ക്കുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന തെളിവുകളുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെയാണ് പ്രസ്താവന ഇറക്കിയത്.

‘കാനഡയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌റെ ഏജന്‌റുമാര്‍ ഉപയോഗിച്ചുണ്ടെന്ന് തെളിവുകള്‍ കാണിക്കുന്നു. ഇതില്‍ ചില വ്യക്തികളെയും ബിസിനസുകാരെയും ഇന്ത്യ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭീഷണിപ്പെടുത്തി. ഇന്ത്യ ഗവണ്‍മെന്‌റിനായി ശേഖരിക്കുന്ന വിവരങ്ങള്‍ ദക്ഷിണേന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഉപയോഗിച്ചിരരുന്നത്’ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പറഞ്ഞു.

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെൻ്റ് ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഉണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്. നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *