ജർമ്മൻ കാർ നിർമ്മാതാക്കളായ ഔഡി പുതിയ തലമുറ Q5 എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ചു. സീരീസിലെ മൂന്നാം തലമുറ മോഡലാണിത്. ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഔഡി Q5-ൻ്റെ മൂന്നാം തലമുറ ആവർത്തനം പണികഴിപ്പിച്ചിരിക്കുന്നത്. ഇവ കൂടാതെ ഒരു കൂട്ടം അധിക ഫീച്ചറുകളും ടെക്‌നോളജിയും സഹിതം പൂർണ്ണമായും പുതിയ രൂപകൽപ്പനയോടെയാണ് പുതിയ മോഡൽ വരുന്നത്. ബ്രാൻഡിൻ്റെ പുതിയ പ്രീമിയം പ്ലാറ്റ്‌ഫോം കംബസ്‌ഷൻ (PPC)ലാണ് പുതിയ ഔഡി Q5 ഇപ്പോൾ പണികഴിപ്പിച്ചിരിക്കുന്നത്. ഇത് വാഹനത്തിന് അധിക സുരക്ഷയും മെച്ചപ്പെട്ട ബിൽഡും വാഗ്ദാനം ചെയ്യുന്നു. പുതിയ Q5 ൻ്റെ രൂപകൽപ്പന പൂർണ്ണമായും പുതിയതും ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയ്ക്ക് അനുസൃതവുമാണ്. മുൻവശത്ത് നിന്ന് ആരംഭിക്കുമ്പോൾ, പുതിയ ഗ്രിൽ ഡിസൈനും പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഉള്ള മെട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുടെ സ്ലീക്കർ സെറ്റ് ആണ് പുതിയ Q5 അവതരിപ്പിക്കുന്നത്. എൽഇഡി സ്ട്രിപ്പ്, ഡ്യുവൽ-ടോൺ ബമ്പറുകൾ എന്നിവ വഴി ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽലൈറ്റുകളും എസ്‌യുവിയുടെ മറ്റ് സവിശേഷതയാണ്.
അകത്ത്, പുതിയ ഔഡി Q5, Q6 e- ട്രോൺ സഹോദരങ്ങളിൽ നിന്ന് കടമെടുത്ത ഘടകങ്ങൾ കാണാം. ഇതിൽ എംഎംഐ പനോരമിക് ഡിസ്‌പ്ലേ, 11.9 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ സ്‌ക്രീൻ, 14.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും ഉൾപ്പെടുന്നു. ഓപ്ഷണലായി 10.9 ഇഞ്ച് ഫ്രണ്ട് പാസഞ്ചർ ഡിസ്പ്ലേയും പുതിയ മോഡലിൽ ഉണ്ട്. മറ്റ് കംഫർട്ട് ഫീച്ചറുകൾ, ടെക്, സുരക്ഷാ ഉപകരണങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഒന്നാണ് ക്യാബിൻ.
മൂന്ന് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുതിയ ഓഡി Q5 വാഗ്ദാനം ചെയ്യുന്നത്. FWD അല്ലെങ്കിൽ AWD സജ്ജീകരണവുമായി ജോടിയാക്കിയ 204 ബിഎച്ച്പിയും 340 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്വാട്രോ സെറ്റപ്പ് സ്റ്റാൻഡേർഡായി വരുന്ന 204 ബിഎച്ച്പിയും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് രണ്ടാമത്തേത്. റേഞ്ച്-ടോപ്പിംഗ് SQ5-ൽ 367 ബിഎച്ച്പിയും 550 എൻഎമ്മും പുറപ്പെടുവിക്കുന്ന 3.0-ലിറ്റർ V6-ലാണ് വരുന്നത്. മൂന്ന് പവർട്രെയിനുകളും 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിലും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിലും ഘടിപ്പിച്ചിരിക്കുന്നു. ഇത് അധികമായി 24 ബിഎച്ച്പിയും 230 എൻഎമ്മും സൃഷ്ടിക്കുന്നു.
അടുത്ത സ്റ്റേജിൽ Q5-ന് പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയൻ്റ് ലഭിക്കുമെന്നും ഔഡി പറയുന്നു. പുതിയ തലമുറ ഓഡി ക്യു5-ൻ്റെ വില 52,000 യൂറോയിൽ നിന്ന് ആരംഭിക്കുകയും ശ്രേണിയിലെ ടോപ്പിംഗ് SQ5-ന് 82,900 യൂറോ വരെ ഉയരുകയും ചെയ്യുന്നു. പുതിയ ഓഡി Q5 എസ്‌യുവിയും ഓഡി എസ്‌ക്യു5 എസ്‌യുവിയും ജർമ്മനിയിലും മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളിലും 2025-ൻ്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും. 2024 സെപ്റ്റംബർ മുതൽ ജർമ്മനിയിൽ ഓർഡറുകൾ ആരംഭിക്കും. പുതിയ ഔഡി Q5 GNCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ പരീക്ഷിച്ചിട്ടില്ല.