പഴയ കാറുകളോ മറ്റേതെങ്കിലും വാഹനങ്ങളോ വീണ്ടും ഉപയോഗിക്കാനാകാതെ കേടുവന്നാൽ അവ ഉപേക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നതാണ് സാധാരണയായി നാം ചെയ്യാറ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോഗിക്കാനാകാത്ത ഒരു പഴയ കാറിന്റെ സംസ്കാരച്ചടങ്ങ് നടത്തിയിരിക്കുകയാണ് ഒരു ഗുജറാത്തി കുടുംബം. 4 ലക്ഷം രൂപ മുടക്കിയാണ് ഈ സംസ്കാരച്ചടങ്ങ് കുടുംബം സംഘടിപ്പിച്ചത്.
ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. പന്ത്രണ്ട് വർഷം പഴക്കമുള്ള വാഗൺ ആർ കാറിനാണ് കുടുംബം അന്ത്യയാത്ര ഒരുക്കിയത്. തങ്ങളുടെ നല്ല കാലത്ത് തങ്ങളുടെ യാത്രകളിൽ തുണയായ കാർ പഴഞ്ചനായപ്പോൾ വലിച്ചെറിയാതെ ആദരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ കുടുംബം സംസ്കാരച്ചടങ്ങ് സംഘടിപ്പിച്ചത്.
അംറേലിയിലുള്ള കൃഷിഭൂമിയിലാണ് സംസ്കാരം നടന്നത്. പുഷ്പാലംകൃതമായ കാർ 15 അടി താഴ്ചയുള്ള കുഴിയിലേക്ക് ഏറെ ശ്രദ്ധയോടെയാണ് കാറിനെ അടക്കം ചെയ്തത്. കുഴിയിലാക്കിയതിന് ശേഷം പച്ച നിറത്തിലുള്ള തുണി കൊണ്ട് മൂടിയ കാറിനായി പ്രത്യേക പൂജകളും നടത്തി. മന്ത്രോച്ചാരണങ്ങൾക്കിടെ പനിനീർപ്പൂവിതളുകൾ കൊണ്ട് കുടുംബാംഗങ്ങൾ കാറിന് പുഷ്പവൃഷ്ടി നടത്തി. അതിന് ശേഷം കുഴി മൂടി അതിഥികൾ മടങ്ങുകയായിരുന്നു.
1,500 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. മതനേതാക്കളും ആത്മീയ ഗുരുക്കന്മാരും മറ്റ് വിശിഷ്ടാതിഥികളും കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അതേസമയം തങ്ങളുടെ പഴയ കാർ കുടുംബത്തിന് വലിയ ഐശ്വര്യം കൊണ്ടുവന്നതായും അതുവഴിയാണ് സമൂഹത്തിൽ തങ്ങൾക്ക് ബഹുമാനം ലഭിച്ചതെന്നും കാറിൻ്റെ ഉടമ സഞ്ജയ് പോളാര പറഞ്ഞു.