ട്രംപ് തന്നെ അമേരിക്കയില്‍; ഔദ്യോഗിക ജയപ്രഖ്യാപനത്തിന് മുമ്പ് ട്രംപ് പ്രസംഗവേദിയില്‍; “ചരിത്ര ജയം, രാജ്യം എഴുതിയത് ശക്തമായ ജനവിധി”

ട്രംപ് തന്നെ അമേരിക്കയില്‍; ഔദ്യോഗിക ജയപ്രഖ്യാപനത്തിന് മുമ്പ് ട്രംപ് പ്രസംഗവേദിയില്‍; “ചരിത്ര ജയം, രാജ്യം എഴുതിയത് ശക്തമായ ജനവിധി”

അമേരിക്കയില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ഏകപ്രസിഡന്റ് എന്ന കുപ്രസിദ്ധിയുള്ള ഡൊണാള്‍ഡ് ട്രംപിന് വീണ്ടും അവസരം നല്‍കി അമേരിക്കന്‍ ജനത. പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും യുഎസ് സെനറ്റിലും സമ്പൂര്‍ണ ആധിപത്യം നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയതീരമണയുന്നത്. ഔദ്യോഗികമായി വിജയം പ്രഖ്യാപിക്കും മുമ്പേ ഡൊണാള്‍ഡ് ട്രംപ് തന്റെ പെല്‍മാ ബീച്ചിലെ വാച്ച് പാര്‍ട്ടിയില്‍ റിപ്പബ്ലിക്കന്‍സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇലക്ഷന്‍ റിസല്‍ട്ട് അറിയാന്‍ കാത്തിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചരിത്ര ജയമാണ് ഇതെന്നാണ് ട്രംപ് പറഞ്ഞത്.

2016ല്‍ ഇലക്ടറല്‍ വോട്ടുകളില്‍ ജയിച്ചപ്പോഴും പോപ്പുലര്‍ വോട്ടില്‍ പിന്നില്‍ പോയ ഡൊണാള്‍ഡ് ട്രംപ് ഇക്കുറി പോപ്പുലര്‍ വോട്ടിലും താന്‍ തന്നെ മുന്നിലെത്തിയതിന്റെ ആഹ്ലാദം പങ്കുവെച്ചു. ട്രംപ് 25 സംസ്ഥാനങ്ങളിലും കമല ഹാരിസ് 16ലും ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ വിജയിയെ നിർണ്ണയിക്കുന്ന ഇലക്ടറൽ വോട്ടുകളില്‍  മുൻ പ്രസിഡൻ്റ് 267 വോട്ടുകൾക്ക് മുന്നിലാണ്. 270 എന്ന മാന്ത്രിക കണക്കിന് മൂന്ന് കുറവ്.  ഹാരിസ് 214 ഇലക്ടറല്‍ വോട്ടുകളുമായി പിന്നിലാണ്.

തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി കണക്കാക്കിയിരുന്നത് ഏഴ് യുദ്ധഭൂമിളെന്ന് വിളിക്കപ്പെട്ട 7 ചാഞ്ചാട്ട സംസ്ഥാനങ്ങളായിരുന്നു. പരമ്പരാഗത ഡെമോക്രാറ്റിക്- റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ സ്ഥിരം സ്വഭാവം നിലനിര്‍ത്തിയപ്പോള്‍ സ്വിങ് സ്‌റ്റേറ്റുകള്‍ തിരഞ്ഞെടുപ്പിലെ വിധി നിര്‍ണയിക്കുമെന്ന് ഉറപ്പായിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് റിപ്പബ്ലിക്കന്‍മാര്‍ ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. ട്രംപ് ഇപ്പോള്‍ രണ്ട് സ്വിംഗ് സ്റ്റേറ്റുകളില്‍ വിജയിക്കുകയും ബാക്കിയുള്ളവയിലെല്ലാം വിജയത്തിനടുത്ത് ലീഡ് ചെയ്യുകയും ചെയ്യന്നതിനാല്‍ ഇനി മറിച്ചൊരു ഫലം ഉണ്ടാവില്ല. 2020ല്‍ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ 6-1 ഫലത്തിലാണ് നിന്നിരുന്നത്. ഇതില്‍ നിന്നും ശക്തമായ തിരിച്ചുവരവാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തി തിരഞ്ഞെടുപ്പ് തങ്ങളുടെ വരുതിയിലാക്കിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *