ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ വിധി പറയുന്നതിന് ദൈവത്തെ ആശ്രയിച്ചതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അയോധ്യ കേസിലൊരു പരിഹാരം കാണിച്ചുതരണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടു. വിശ്വാസമുണ്ടെങ്കിൽ ദൈവം ഇപ്പോഴും വഴികാട്ടിയാകുമെന്നും ജൻമനാടായ പൂനെയിലെ കൻഹെർസറിൽ സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
മൂന്ന് മാസം നീണ്ടുനിന്ന അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസിൽ വാദം നടന്നിരുന്ന സമയത്തെ കുറിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഓർമ്മിച്ചത്. “ചിലപ്പോഴയൊക്കെ പരിഹാരം കണ്ടെത്താനാകാത്ത കേസുകൾ ഞങ്ങൾക്ക് മുൻപിൽ എത്താറുണ്ട്. അയോധ്യ കേസ് അത്തരമൊരു കേസായിരുന്നു. മൂന്നുമാസക്കാലത്തോളം എന്റെ മുൻപിലുണ്ടായിരുന്ന കേസിൽ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്ന് ഞാൻ ദൈവത്തിന്റെ മുൻപിൽ ഇരുന്നു, പ്രാർഥിച്ചു അദ്ദേഹത്തോട് പരിഹാരം ചോദിച്ചു’- ചന്ദ്രചൂഡ് പറഞ്ഞു.
താൻ പതിവായി പ്രാർത്ഥിക്കാറുള്ള ഒരാളാണെന്ന് പറഞ്ഞുകൊണ്ട് , “എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തും എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാബരി മസ്ജിദ് പള്ളി നിന്നിരുന്ന സ്ഥലം, രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെട്ട് 1992 ഡിസംബർ ആറിന് ആണ് സംഘപരിവാർ തകർത്തത്. പള്ളിക്ക് പകരം അവിടെ രാമക്ഷേത്രം നിർമിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
ഒടുവിൽ, 2019 നവംബർ ഒൻപതിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം പണിയാൻ ഉത്തരവിടുകയായിരുന്നു. പകരമായി പള്ളിക്ക് അഞ്ചേക്കർ സ്ഥലം നൽകുകയും ചെയ്തു. അന്ന് ജസ്റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡും ബെഞ്ചിൽ അംഗമായിരുന്നു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ഡിവൈ ചന്ദ്രചൂഡ് വിരമിക്കുകയാണ്. ജസ്റ്റിസ് സഞ്ജിവ് ഖന്നയാകും പകരക്കാരനാകുക.