
സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്പീക്കർ എഎൻ ഷംസീറിനും പിപി ദിവ്യക്കും ഇപി ജയരാജനും ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും വിമർശനം. കെകെ രമ എംഎൽഎയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിൻ്റെ പേരിലായിരുന്നു സ്പീക്കർ എഎൻ ഷംസീറിനെതിരെയുള്ള വിമർശനം. പിപി ദിവ്യക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞത് മുഖൈമന്ത്രി പിന്നെയായി വിജയനാണ്.
സ്പീക്കറിനെതിരായ വിമർശനത്തിൽ ‘കമ്മ്യൂണിസ്റ്റുകാർ പോകില്ല, സ്പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിപി ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങൾ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ ഡിവൈഎഫ്‌ഐയ്‌ക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. ഡിവൈഎഫ്ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു എന്നാണ് വിമർശനം ഉയർന്നത്. നേതാക്കൾ കരയൊപ്പിച്ച് മുണ്ടുടുത്ത് നടക്കുകയാണെന്നും ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.

പ്രകാശ് ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ചയ്ക്കെതിരെയും വിമർശനം ഉയർന്നു. ഇപി ജയരാജൻ പ്രകാശ് ജാവദേക്കറിനെ കണ്ടതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇപിക്ക് ഇത്തരം വീഴ്ചകൾ സംഭവിച്ചുവെന്ന് സമ്മതിച്ച മുഖ്യമന്ത്രി പാർട്ടി തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സമ്മേളനത്തിൽ വ്യക്തമാക്കി.
വടകരയിൽ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. നിലവിലെ സെക്രട്ടറി പി മോഹനൻ തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കും. പുതിയ ജില്ലാ സെക്രട്ടറിയായി വനിതാ നേതാവ് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. പി സതീദേവി, കെകെ ലതിക തുടങ്ങിയ പേരുകളാണ് അന്തരീക്ഷത്തിലുള്ളത്. എം ഗിരീഷ്, എം മെഹബൂബ്, കെകെ ദിനേശൻ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.
439 പ്രതിനിധികളും ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മുഖ്യമന്ത്രി പിണറായി വിജയൻ എ വിജയരാഘവൻ എന്നീ പിബി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5,0000 ആളുകൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.