ഇറാന്‍ ഭൂകമ്പത്തില്‍ കുലുങ്ങി; ആണവ പരീക്ഷണം നടത്തിയതിന്റെ ഭാഗമാണോയെന്ന് ഭീതി; സംശയവുമായി ലോകരാജ്യങ്ങള്‍

ഇറാന്‍ ഭൂകമ്പത്തില്‍ കുലുങ്ങി; ആണവ പരീക്ഷണം നടത്തിയതിന്റെ ഭാഗമാണോയെന്ന് ഭീതി; സംശയവുമായി ലോകരാജ്യങ്ങള്‍

ഇസ്രയേലിന്റെ ഭീഷണി നിലനില്‍ക്കേ ഇറാനിലുണ്ടായ ഭൂകമ്പത്തില്‍ സംശയവുമായി ലോകരാജ്യങ്ങള്‍. കഴിഞ്ഞ അഞ്ചിനാണ് ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. രാവിലെ 10:45ന് സെംനാന്‍ പ്രവിശ്യയിലെ അരാദാന്‍ കൗണ്ടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഈ ഭൂകമ്പം ഇറാന്‍ ആണവ പരീക്ഷണം നടത്തിയതിന്റെ ഭാഗമാണോയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

12 കിലോ മീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ടെഹ്റാന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സിനെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഒക്ടോബര്‍ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിനു നേരെ ഇറാന്‍ തൊടുത്തുവിട്ടിരുന്നു. ഇസ്രായേലിന് നേരെയുള്ള ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. ഇതിന് മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്.

നേരത്തെ, ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
നോര്‍ത്ത് കരോളൈനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ തിരിച്ചടി നല്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ, എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് സൂചന. ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *