വൈറ്റ് ഹൗസില്‍ അടിയന്തര സുരക്ഷാ യോഗം; ബൈഡനും കമലയും പങ്കെടുക്കുന്നു; ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; അയണ്‍ ഡോം മിസൈലുകളെ പ്രതിരോധിച്ചെന്ന് ഐഡിഎഫ്

വൈറ്റ് ഹൗസില്‍ അടിയന്തര സുരക്ഷാ യോഗം; ബൈഡനും കമലയും പങ്കെടുക്കുന്നു; ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; അയണ്‍ ഡോം മിസൈലുകളെ പ്രതിരോധിച്ചെന്ന് ഐഡിഎഫ്

ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തത്. ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്കന്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയറായിരിക്കണമെന്നും ഇന്ത്യ ഇസ്രയേല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രയേലിനെതിരെ വ്യോമാക്രമണം നടന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വ്യക്തമാക്കി. ഇസ്രയേലിലേക്ക് ഇറാന്‍ 100 കണക്കിന് മിസൈലുകള്‍ വര്‍ഷിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തെ തുടര്‍ന്ന് ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.

മിസൈലുകള്‍ എവിടെയെങ്കിലും പതിച്ചോ അല്ലെങ്കില്‍ നിര്‍വീര്യമാക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇസ്രയേലില്‍ ആക്രമണം നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു. തിരിച്ചടിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ (ഐആര്‍ജിസി) ഉദ്ധരിച്ചുകൊണ്ട് ഐആര്‍എന്‍എ ന്യൂസ് ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്മയില്‍ ഹനിയ, ഹസന്‍ നസറുള്ള എന്നിവരുടെ രക്താസക്ഷിത്വത്തിന് പകരമാണ് ആക്രമണമെന്നും ഐആര്‍ജിസി വ്യക്തമാക്കി.

മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ കാര്യമായ ആള്‍നാശമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേല്‍ അറിയിക്കുന്നത്. ഇസ്രായേലിന്റെ അയണ്‍ ഡോം മിസൈലുകളെ പ്രതിരോധിച്ചുവെന്ന വിവരം ഉള്‍പ്പെടെ പുറത്തുവന്നിട്ടില്ലെങ്കിലും ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ ആള്‍നാശമുണ്ടായില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.ആക്രമണത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്.

ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതായി ഇറാനും സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ നൂറിലധികം മിസൈലുകളാണ് ഇറാന്‍ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ, ടെല്‍ അവീവിലെ ജാഫ്‌നയില്‍ അക്രമി ജനക്കൂട്ടത്തിനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *