‘എമർജൻസി’ കാണാൻ എത്തണം; പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

‘എമർജൻസി’ കാണാൻ എത്തണം; പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

‘എമർജൻസി’ കാണാൻ പ്രിയങ്കാ ​​ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് നടി തന്നെയാണ്. പാർലമെൻ്റിൽ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കങ്കണ തന്റെ സിനിമ കാണണമെന്ന് അഭ്യർഥിച്ചത്. പ്രിയങ്ക ​ഗാന്ധിക്ക് ഈ സിനിമ ഉറപ്പായും ഇഷ്ടപ്പെടുമെന്നും കങ്കണ പറഞ്ഞു.

വളരെ സ്നേഹത്തോടെയാണ് പ്രിയങ്ക ​ഗാന്ധി തൻ്റെ അഭ്യർഥന സ്വീകരിച്ചതെന്നും, സിനിമ കാണാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകിയതായി കങ്കണ പറഞ്ഞു. ഇന്ദിരാ​ഗാന്ധിയെ ക്യാമറയ്ക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടെന്നും, വളരെ ശ്രദ്ധയോടെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി. ‘മിസിസ് ഗാന്ധിയെ മാന്യമായി അവതരിപ്പിക്കാൻ ഞാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്’ എന്നും കങ്കണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിക്കാൻ വൈകിയത് കാരണം പല തവണ റിലീസ് മാറ്റിയ ചിത്രമാണ് എമർജൻസി. സിനിമയ്ക്ക് പ്രദർശനാനുമതി ലഭിക്കാൻ ഏകദേശം 13 മാറ്റങ്ങളാണ് നേരത്തെ സെൻസർ ബോർഡ് നിർദേശിച്ചത്. ചിത്രം 2025 ജനുവരി 17 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിനാണ്.

ആദ്യമായി കങ്കണ സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം നിർമ്മിക്കുന്നത് മണികർണിക ഫിലിംസ് ആണ്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപം ഖേറാണ് ചിത്രത്തിൽ ജയപ്രകാശ് നാരായണനായി എത്തുന്നത്. മഹിമ ചൗധരി, സതീഷ് കൗശിക് എന്നിവർ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്ന ചിത്രത്തിൽ മലയാളി താരം വിശാഖ് നായരും പ്രധാന വേഷത്തിലെത്തുന്നു. സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുന്നത്. വിശാഖിന്റെ ബോളിവുഡിലെ ആദ്യ ചിത്രം കൂടിയാണ് എമർജൻസി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *