കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിനു നേരെ നടത്തിയ ആക്രമണത്തില്‍ രോഗികള്‍ അടക്കം 34 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് മെഡിക്കല്‍ സ്റ്റാഫുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡ്രോണ്‍ ആക്രമണത്തിനു ശേഷമാണ് സൈന്യം ആശുപത്രിയിലേക്ക് ഇരച്ചെത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് ഇസ്രയേലി സൈന്യം ബോംബിടുകയും ചെയ്തു. മുമ്പും ആശുപത്രിക്ക് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഗസ്സയിലെ അല്‍-മവാസി ക്യാമ്പിനു നേരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 25 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി രണ്ടു തവണയാണ് ഇസ്രയേല്‍ സൈന്യം ക്യാമ്പില്‍ ആക്രമണം നടത്തിയത്. 24 മണിക്കൂറിനിടെ അല്‍-മവാസിയിലടക്കം ഗസ്സയില്‍ 59 പേര്‍ കൊല്ലപ്പെട്ടു
വടക്കന്‍ ഗസ്സയില്‍ നിന്ന് ഒഴിയാന്‍ ആളുകള്‍ക്ക് ഇസ്രയേല്‍ സേനയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഇസ്രയേല്‍ ജയിലുകളില്‍ കൊല്ലപ്പെട്ട 46 പലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നില്ലെന്ന് പ്രിസണേഴ്‌സ് സൊസൈറ്റി ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു വടക്കന്‍ ഗസ്സയിലെ ബെയ്ത്ലാഹിയയില്‍ ഇസ്രായേല്‍ ഉപരോധവും ആക്രമണവും നടത്തിയത്. കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നൂറുകണക്കിന് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും അവശ്യ സേവനങ്ങളും ഇസ്രായേല്‍ സേന നിഷേധിച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. ഹുസാം അബു സഫിയ വ്യക്തമാക്കി.