വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ബെയ്റ്റ് ലാഹിയ മേഖലയിലാണ് ആക്രമണം നടന്നത്. ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി വീടുകളിലും കൂട്ടമായി ബോംബുവര്‍ഷിച്ചാണ് സമീപനാളുകളിലെ ഏറ്റവും വലിയ ആക്രമണം അരങ്ങേറിയത്.
ഹമാസ് തലവനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും ഇസ്രയേല്‍ ആക്രമിച്ചിരുന്നു. വടക്കന്‍ ഗാസയില്‍ രണ്ടാഴ്ചയ്ക്കിടെ ഇസ്രയേല്‍ 450ല്‍ അധികം പേരെ വധിച്ചു. ഗാസയിലെ ആകെ മരണസംഖ്യ 42,519 ആയി. ജബലിയയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ 10 പേര്‍ മരിച്ചു. എണ്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. മേഖലയിലെ വീടാക്രമിച്ച് അഞ്ച് പേരെയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. മഗാസി ക്യാമ്പിലെ വീടുകള്‍ തകര്‍ന്ന് 16 പേരും കൊല്ലപ്പെട്ടു.
പട്ടണത്തിന്റെ പടിഞ്ഞാറന്‍ മേഖല ഒന്നാകെ തകര്‍ത്താണ് ശനിയാഴ്ച ബോംബറുകള്‍ എത്തിയത്. മുന്നറിയിപ്പില്ലാതെയായതിനാല്‍ ആളുകള്‍ക്ക് പുറത്തുകടക്കാനാവും മുമ്പ് കെട്ടിടങ്ങള്‍ ഒന്നാകെ നിലംപൊത്തിയത് ആളപായം കൂട്ടി. നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ തിരച്ചില്‍ നടത്താന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ മരണസംഖ്യ കുത്തനെ ഉയരുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ബൈത് ലാഹിയയില്‍തന്നെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റലിലും ശനിയാഴ്ച ഇസ്രായേല്‍ കനത്ത ആക്രമണം നടത്തി.
40ഓളം രോഗികളും മെഡിക്കല്‍ ജീവനക്കാരുമുള്ള ആശുപത്രിയിലേക്ക് വൈദ്യുതിയും ജലവും മറ്റ് അവശ്യ സേവനങ്ങളും മുടക്കിയ ഇസ്രായേല്‍ പീരങ്കിപ്പട ആശുപത്രിക്ക് ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. വടക്കന്‍ ഗസ്സയില്‍ ജബാലിയ അഭയാര്‍ഥി ക്യാമ്ബിനു നേരെ ഉപരോധം 17 ദിവസം കഴിഞ്ഞും തുടരുകയാണ്.