ഗാസയിലെ ആശുപത്രിയിൽ നിന്ന് നൂറോളം പേരെ തടവിലാക്കി ഇസ്രയേൽ സേന; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന കുട്ടികൾക്ക് ദാരുണാന്ത്യം, അവശേഷിക്കുന്നത് ഒരു ഡോകടർ മാത്രം!

ഗാസയിലെ ആശുപത്രിയിൽ നിന്ന് നൂറോളം പേരെ തടവിലാക്കി ഇസ്രയേൽ സേന; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന കുട്ടികൾക്ക് ദാരുണാന്ത്യം, അവശേഷിക്കുന്നത് ഒരു ഡോകടർ മാത്രം!

ഗാസയിലെ കമാൽ അദ്‍വാൻ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രയേൽ സേന. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികൾക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും ഇസ്രയേൽ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടർ മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജബലിയ അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് ഇസ്രയേൽ സൈന്യം ഇരച്ചുകയറിയത്. ഇസ്രയേൽ സൈന്യം ആശുപത്രിക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും വലിയൊരു ഭാഗം തീവെച്ച് നശിപ്പിക്കുകയും കവാടങ്ങൾ തക‍ർക്കുകയും മതിൽ പൊളിക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം ആരോപിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാരെയും ജീവനക്കാരിൽ ഭൂരിപക്ഷം പേരെയും പിടിച്ചുകൊണ്ടു പോയെന്നും ആശുപത്രി അധികൃതർ പറയുന്നു. മരുന്നുകളോ ഭക്ഷണമോ ഇല്ലാതെ പ്രവ‍ർത്തിക്കാനാവാത്ത തരത്തിലേക്ക് ആശുപത്രിയെ ഇസ്രയേൽ സൈന്യം മാറ്റിയെന്നും അധികൃതർ പറഞ്ഞു.

എന്നാൽ ആശുപത്രിയിൽ ഒളിച്ചിരിക്കുകയായിരുന്ന ഹമാസ് പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ഇസ്രയേൽ സൈന്യം തിങ്കളാഴ്ച അറിയിച്ചത്. ആശുപത്രിൽ പ്രവേശിച്ചത് സ്ഥിരീകരിച്ച ഇസ്രയേൽ പ്രതിരോധ സേന, ഈ ആശുപത്രി ഹമാസ് ഉപയോഗിച്ചുവരികയായിരുന്നു എന്ന് ആരോപിച്ചു. ആയുധങ്ങളും പണവും ഹമാസുമായി ബന്ധമുള്ള രേഖകളും ഇവിടെ നിന്ന് കണ്ടെത്തിയതായും ഒക്ടോബർ ഏഴാം തീയ്യതിയിലെ ആക്രമണത്തിൽ പങ്കെടുത്തവർ ഉൾപ്പെടെ ചില ഹമാസ് പ്രവർത്തകർ ഇവിടെ ആശുപത്രി ജീവനക്കാരെന്ന വ്യാജേന കഴിഞ്ഞുവരികയായിരുന്നു എന്നും ഇസ്രയേൽ സേന ആരോപിച്ചു.

ആശുപത്രിക്ക് കുറഞ്ഞ നാശനഷ്ടങ്ങൾ മാത്രമാണ് വരുത്തിയതെന്നും ഇസ്രയേൽ സേന വാദിക്കുന്നുണ്ട്. ആക്രമണത്തിനായി ഉപയോഗിക്കാൻ സാധ്യതയുള്ള ഓക്സിജൻ ടാങ്ക് പോലുള്ളവ നശിപ്പിച്ചെന്ന് ഇസ്രയേൽ തന്നെ സമ്മതിക്കുന്നുമുണ്ട്. ആളുകളെ നഗ്നരാക്കി പരിശോധിച്ചെന്നും ആശുപത്രിയിലുണ്ടായിരുന്നവരെ ഒഴിപ്പിക്കാൻ ശ്രമിച്ചെന്നും ആശുപത്രിയിലെ നഴ്സുമാരിൽ ചിലർ അറിയിച്ചു. എന്നാൽ പരിശോധനയ്ക്ക് ശേഷം വസ്ത്രങ്ങൾ നൽകിയെന്നാണ് ഇസ്രയേൽ വാദം. ഒക്സിജൻ സ്റ്റേഷന്റെയും ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതോടെ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾ മരിച്ചതായും ആശുപത്രി ജീവനക്കാർ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *