സീന്‍ മാറ്റിയ ഹേമാ കമ്മിറ്റി, മലയാളികള്‍ ഇനി തിയേറ്ററില്‍ കയറുമോ? ഹിറ്റ് ആയത് ഇത്ര സിനിമകള്‍ മാത്രം

സീന്‍ മാറ്റിയ ഹേമാ കമ്മിറ്റി, മലയാളികള്‍ ഇനി തിയേറ്ററില്‍ കയറുമോ? ഹിറ്റ് ആയത് ഇത്ര സിനിമകള്‍ മാത്രം

ബോളിവുഡിനെ പോലും അസൂയപ്പെടുത്തി കൊണ്ടായിരുന്നു ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ മലയാള സിനിമയുടെ വളര്‍ച്ച. മലയാള സിനിമയെ സംബന്ധിച്ച് സുവര്‍ണ്ണ കാലഘട്ടത്തിലൂടെ ആയിരുന്നു യാത്ര. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മുതല്‍ ‘ഗുരുവായൂരമ്പല നടയില്‍’ വരെ തിയേറ്ററിലും ഒ.ടി.ടിയിലും ഒരു പോലെ തിളങ്ങിയിരുന്നു. കോളിവുഡിന്റെ തകര്‍ച്ച ഘട്ടത്തില്‍ തമിഴകത്തെ തിയേറ്ററുകള്‍ക്കും മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ അസൂയാവാഹകമായ മലയാള സിനിമയുടെ ആ വളര്‍ച്ച നിലച്ചിരിക്കുകയാണ്.

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസം സുവര്‍ണ്ണ കാലഘട്ടമായിരുന്നെങ്കില്‍ ജൂണ്‍-ജൂലൈ മുതലിങ്ങോട്ട് മലയാള സിനിമകള്‍ പരാജയത്തിലേക്ക് നീങ്ങാന്‍ തുടങ്ങി. ഓഗസ്റ്റ് 19ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതോടെ മലയാള സിനിമയുടെ സീന്‍ തന്നെ മാറി പോയിരിക്കുകയാണ്. ഇന്നലെ വരെ, അതായത് ഓഗസ്റ്റ് 29 വരെ, 151 മലയാള സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ ഇവയില്‍ മികച്ച വിജയം നേടിയത് 9 ഓളം സിനിമകള്‍ മാത്രമാണ്.

243.3 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പിന്നാലെ പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’, ഫഹദ് ഫാസിലിന്റെ ‘ആവേശം’, ‘പ്രേമലു’, ‘ഗുരുവായൂരമ്പല നടയില്‍’, ‘ഭ്രമയുഗം’ എന്നീ സിനിമകളും ഗംഭീര വിജയം നേടിയിട്ടുണ്ട്. ‘ടര്‍ബോ’, ‘എബ്രഹാം ഓസ്‌ലര്‍’ എന്നീ സിനിമകളും വിജയം നേടി. എന്നാല്‍ ആദ്യ അഞ്ച് മാസങ്ങളിലേത് പോലെ പിന്നീട് വിജയമുണ്ടായില്ലെന്ന് മാത്രമല്ല രണ്ടാം ക്വാര്‍ട്ടറില്‍ വലിയ പരാജയങ്ങളും എത്തി. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പുറത്തിറങ്ങിയ മൊത്തം സിനിമകളുടെ കളക്ഷന്‍ കൂട്ടിയാലും ആദ്യ നാല് മാസം നേടിയതിന്റെ മൂന്നിലൊന്ന് പോലും വരില്ല. പുതിയ സിനിമകള്‍ പരാജയപ്പെട്ടിടത്ത് പഴയ രണ്ട് സിനിമകള്‍ റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയത് പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. ദേവദൂതന്‍, മണിച്ചിത്രത്താഴ് എന്നീ രണ്ട് സിനിമകള്‍ക്കും അത്യാവശ്യം പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാനായി. ഇതിനിടെ തെലുങ്കില്‍ നിന്നെത്തിയ ‘കല്‍ക്കി’ കേരളത്തില്‍ നിന്ന് മാത്രം 30 കോടി രൂപ കളക്ഷന്‍ നേടി. തമിഴ് ചിത്രം ‘മഹാരാജ’ 8 കോടിയും നേടി.

ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഇതുവരെ പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും തിയേറ്ററില്‍ അധികകാലം പിടിച്ച് നില്‍ക്കാനായിട്ടില്ല. ഓഗസ്റ്റ് 19ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്. 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപം കൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ്, മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇതോടെ പല നടിമാരും തങ്ങള്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തുന്നുണ്ട്. നിലവില്‍ 20 ഓളം പേര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ എത്തിയിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്ത്, സിദ്ദിഖ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെ നിലവില്‍ കേസ് എടുത്ത് കഴിഞ്ഞു. സംവിധായകന്‍ സജിന്‍ ബാബു, വി.എ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങി നിരവധി പേര്‍ക്കെതിരെ ആരോപണങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്.

ലൈംഗികാരോപണങ്ങളും കേസുകളും സൃഷ്ടിച്ച പ്രതിച്ഛായനഷ്ടം ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളെയും ബാധിച്ചേക്കും എന്ന് തന്നെയാണ് നിഗമനം. സിനിമാക്കാരോടുള്ള മലയാളികളുടെ മൃദുസമീപനത്തിന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മാറ്റം വന്നിട്ടുണ്ട്. സെപ്റ്റംബര്‍ 12, 13 തീയതികളിലായി നാല് ഓണച്ചിത്രങ്ങളാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. വിജയ് ചിത്രം ‘ദ ഗോട്ട്’ സെപ്റ്റംബര്‍ 5ന് തിയേറ്ററുകളിലെത്തും. പിന്നാലെ ടൊവിനോ തോമസിന്റെ ‘അജയന്റെ രണ്ടാം മോഷണം’, ആന്റണി വര്‍ഗീസിന്റെ ‘കൊണ്ടല്‍’, ആസിഫ് അലിയുടെ ‘കിഷ്‌കിന്ധാകാണ്ഡം’, ഒമര്‍ ലുലു സംവിധാനം ചെയ്ത് റഹ്‌മാന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ബാഡ് ബോയ്സ്’ എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്നത്. മലയാളി പ്രേക്ഷകര്‍ ഇനി തിയേറ്ററില്‍ കയറുമോ? മലയാളത്തിന്റെ ബോക്‌സ് ഓഫീസ് ഇനിയും ഇടിയുമോ എന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കള്‍.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *