‘ഇവിടിപ്പോ എന്താ സംഭവിച്ചേ..?’ ഈ കണ്‍ഫ്യൂഷനിലാണിന്ന് ക്രിക്കറ്റ് ലോകമാകെ. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം. ആദ്യ മൂന്ന് ദിനങ്ങളിലായി ആകെ കളി നടന്നത് 35 ഓവര്‍. സാധാരണ ഗതിയില്‍ നമ്മള്‍ ആ മാച്ച് ഫോളോ ചെയ്യുന്നത് നിര്‍ത്തും. കാരണം, അതൊരു ഉറപ്പായ സമനില മത്സരം മാത്രം. പക്ഷേ, ചെറിയൊരു പ്രശ്‌നമുണ്ട്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്.അയാള്‍ നയിക്കുന്ന മാച്ചുകള്‍ നമ്മള്‍ ചുമ്മാ അങ്ങ് മുന്‍വിധിക്കരുത്. അങ്ങേര് എപ്പോഴാണ് കളിയുടെ ജാതകം മാറ്റിയെഴുതുന്നതെന്ന് ഊഹിക്കാനേ പറ്റില്ല. ഒപ്പം, ക്രിക്കറ്റിന്റെ ചരിത്രവും !
നാലാം ദിവസം ഇന്ത്യയുടെ ഇന്നിംഗ്‌സ് ആരംഭിക്കുന്നു. ആദ്യ ഓവറിലെ അവസാന മൂന്ന് പന്തുകളും ബൗണ്ടറിയടിച്ച് ജയ്‌സ്വാള്‍ മൂഡറിയിച്ചു. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ബോള്‍ നേരിടാനെത്തുന്നു. ആദ്യ രണ്ട് പന്തുകളും ഗ്യാലറിയില്‍ ! അടുത്ത ഓവറില്‍ രോഹിതിന്റെ വക വീണ്ടും സിക്‌സ്. കാണികള്‍ സംശയത്തിലായി കാണണം, ഇത് ടെസ്റ്റ് മാച്ച് തന്നെയല്ലേ.
ദിനേശ് കാര്‍ത്തിക് കമന്ററി ബോക്‌സില്‍ ഇരുന്നു നേരമ്പോക്കുന്നു, ‘ആരെങ്കിലും അയാളെ ഓര്‍മ്മിപ്പിക്കൂ, അയാള്‍ T20 യില്‍ നിന്നും വിരമിച്ചയാളാണ് ‘ മൂന്ന് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു ! തിരക്കഥ വ്യക്തമായി, നടക്കാന്‍ പോകുന്നത് കൊലപാതകമാണ്. പിന്നീട് റിക്കോഡുകളുടെ ഘോഷയാത്ര. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ടീം 50, 100, 150, 200, 250… !
എടുത്ത റിസ്‌കിന് ഫലമുണ്ടായി, എല്ലാവരും ഡ്രോ എന്ന് എഴുതിത്തള്ളിയ മാച്ചില്‍ ഇന്ത്യക്ക് ഐതിഹാസിക വിജയം. പാകിസ്ഥാനെ തോല്പിച്ച്, അടുത്തത് ഇന്ത്യ, എന്ന് വീരവാദവും പറഞ്ഞെത്തിയ ബംഗ്‌ളാ കടുവകള്‍ പൂച്ചകളായി പതുങ്ങി.
‘ഭയം’ എന്നൊരു വികാരം കൂടി മനുഷ്യര്‍ക്കുണ്ട്, എന്ന് ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കൊണ്ട് ഹിറ്റ്മാന് പറഞ്ഞു കൊടുപ്പിക്കണം, അയാള്‍ വിരമിച്ചതിന് ശേഷം!