ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. നാളുകൾ ഏറെയായി മോശമായ ഫോമിലാണ് താരം ഉള്ളത്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മ വീണ്ടും ഫ്ലോപ്പ് ആയിരിക്കുകയാണ്. 23 പന്തുകൾ നേരിട്ട താരം വെറും 3 റൺസ് നേടിയാണ് മടങ്ങിയത്.
ഇതോടെ താരത്തിനെ വിമർശിച്ച് ഒരുപാട് മുൻ താരങ്ങൾ എത്തിയിരിക്കുകയാണ്. ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിലും രോഹിത് ബാറ്റിംഗിൽ മോശമായ പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഉള്ള ആദ്യ ടെസ്റ്റിൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് രോഹിത് മാറി നിൽക്കുകയായിരുന്നു. ആ സമയത്ത് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയായിരുന്നു ടീമിനെ നയിച്ചിരുന്നത്.
മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ ഓസ്‌ട്രേലിയക്ക് മുന്നിൽ അടി പതറുകയാണ്. ഗംഭീര തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. യുവ താരം യശസ്‌വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരെ പുറത്താക്കി കളി ഓസ്‌ട്രേലിയക്ക് അനുകൂലമാക്കി മാറ്റിയിരിക്കുകയാണ് പേസർ മിച്ചൽ സ്റ്റാർക്ക്. കൂടാതെ ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ എന്നിവരുടെ വിക്കറ്റുകൾ നേടിയ സ്കോട്ട് ബോളണ്ടും ഒപ്പം റിഷഭ് പന്തിനെ പുറത്താക്കിയ പാറ്റ് കമ്മിൻസും മികച്ച പ്രകടനമാണ് നടത്തുന്നത്.
നിലവിൽ ക്രീസിൽ ഉള്ളത് രവിചന്ദ്രൻ അശ്വിനും നിതീഷ് കുമാർ റെഡ്‌ഡിയുമാണ്. ഇന്ത്യ 109/6 എന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്.