വിസ തട്ടിപ്പ് കേസിൽ ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് 283 കോടി കോടി രൂപ പിഴ ചുമത്തി അമേരിക്ക. 34 മില്ല്യൺ ഡോളർ ആണ് പിഴ തുകയായി ചുമത്തിയത്. എച്ച്-1 ബി വിസയ്ക്ക് പകരം തങ്ങളുടെ തൊഴിലാളികൾക്ക് ബി-1 സന്ദർശക വിസ നൽകി ഇൻഫോസിസ് യുഎസ് വിസ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് കമ്പനിക്കെതിരായ ആരോപണം.
ഇമിഗ്രേഷൻ തട്ടിപ്പ് കേസിൽ ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പിഴ തുകയാണിത്. ഇമിഗ്രേഷൻ തട്ടിപ്പ് ആരോപിച്ചാണ് നാരായണമൂർത്തി സഹസ്ഥാപകനായ ഇൻഫോസിസിന് പിഴ ഈടാക്കിയത്. കേസിൽ 34 മില്ല്യൺ ഡോളർ സിവിൽ സെറ്റിൽമെന്റ് നടത്താൻ ഇൻഫോസിസ് സമ്മതിച്ചു. വിസ തട്ടിപ്പ്, ഇമിഗ്രേഷൻ പ്രക്രിയകളുടെ ദുരുപയോഗം എന്നീ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ആണ് ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചത്. കമ്പനിയുടെ തൊഴിൽ ചിലവ് കുറയ്ക്കുന്നതിനായിരുന്നു തൊഴിലാളികൾക്ക് ബി-1 സന്ദർശക വിസ നൽകിയത്. കുറ്റാരോപണത്തിന് പിന്നാലെ ഇൻഫോസിസ് ഒത്തുതീർപ്പിന് സമ്മതിക്കുകയും ഭാവിയിൽ ഇമിഗ്രേഷൻ നിയമങ്ങളുടെ ലംഘനം തടയാനും വിസ രീതികളിൽ സുതാര്യത നിലനിർത്താനും കോർപ്പറേറ്റ് തലത്തിൽ കർശനമായ പാലിക്കൽ നടപടികൾ നടപ്പിലാക്കുമെന്ന് സമ്മതിക്കുകയും ചെയ്തു.
അമേരിക്കയിൽ പ്രൊഫഷണൽ ജോലിക്കെത്തുന്നവർക്ക് അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി വിസകൾ. ഈ വിസയിൽ എത്തുന്നവർക്ക് തൊഴിലുടമകൾ കൃത്യമായ വേതനം നല്‍കുകയും തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ച് കർശനമായ വേതനവ്യവസ്ഥകൾ പാലിക്കുകയും വേണം.എന്നാൽ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനോ പരിശീലനത്തിനോ വേണ്ടിയുള്ള ഹ്രസ്വകാല ബിസിനസ് വിസയാണ് ബി -1 വിസകൾ. ഇൻഫോഴ്‌സിസിലെ എച്ച് 1 ബി തൊഴിലാളികൾക്ക് ബി 1 വിസയായിരുന്നു ഇൻഫോസിസ് നൽകിയത്.