പട്ടയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും; ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്തിമവിധി ഉണ്ടാകും; ഉറപ്പുമായി റവന്യൂ മന്ത്രി

പട്ടയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും; ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്തിമവിധി ഉണ്ടാകും; ഉറപ്പുമായി റവന്യൂ മന്ത്രി

കാലങ്ങളായി തീര്‍പ്പാകാതെ നില്‍ക്കുന്ന പട്ടയ കേസുകള്‍ പൂര്‍ണമായും ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ തീര്‍പ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം, ഭൂമി തരംമാറ്റം, ഡിജിറ്റല്‍ സര്‍വെ എന്നിവ സംബന്ധിച്ച ജില്ലാ കളക്ടര്‍മാരുടെയും സബ് കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 40,000ത്തോളം പട്ടയ കേസുകളാണ് സംസ്ഥാനത്ത് ഇനിയും തീര്‍പ്പാക്കാനുള്ളത്. പഴയകാലത്ത് നിയമപരമായ അറിവില്ലായ്മ കൊണ്ടോ, വ്യവഹാരങ്ങളിലെ താല്പര്യക്കുറവുകൊണ്ടോ ആണ് പലതും തീര്‍പ്പാകാതെ കിടക്കുന്നത്. കേസുകളുടെ തല്‍സ്ഥിതി പരിശോധിക്കണം. ഇതിനായി എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍, എല്‍ടി തഹസില്‍ദാര്‍മാര്‍ എന്നിവരുടെ യോഗം ചേരാന്‍ മന്ത്രി ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.

പട്ടയ അപേക്ഷകളില്‍ ഒഴിവാക്കപ്പെട്ട ആളുകളില്‍ അര്‍ഹരായവര്‍ ഉണ്ടോ എന്ന പരിശോധനകള്‍ നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. ഭൂമി പതിച്ചുനല്‍കുന്നതിലേക്കായി തനത് ഭൂമി, സംരക്ഷിത ഭൂമി എന്നിവയുടെ അധികാര കൈമാറ്റത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉറപ്പ് ലഭ്യമായിട്ടുണ്ട്. ഇവയില്‍ തുടര്‍ നടപടികളുണ്ടാകും. ജില്ലകളില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പട്ടയങ്ങളുടെ വിതരണം സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 12ന് കളമശേരിയില്‍ നടക്കും.

ഭൂമി തരംമാറ്റം സംബന്ധിച്ച നടപടികളില്‍ ഏജന്റുമാരുടെ ഇടപെടലുകളില്ലാതിരിക്കാന്‍ ജാഗ്രത വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ ഭൂമി തരംമാറ്റം ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാരുടെ അവലോകന യോഗം ചേരണം. ഡിജിറ്റല്‍ റീ സര്‍വെ പ്രക്രിയയുടെ പുരോഗതി സര്‍വെ ഡയറക്ടര്‍ സീറാം സാംബശിവ റാവു ഓണ്‍ലൈനില്‍ വിവരിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരുടെ അവലോകന യോഗം ചേരും. ഡിജിറ്റല്‍ റീ സര്‍വെ പൂര്‍ത്തിയായ വില്ലേജുകളിലെ കരട് റിപ്പോര്‍ട്ട് അതത് പ്രദേശങ്ങളിലെ ഭൂവുടമകള്‍ കണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി കെ രാജന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *