ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ അദ്ദേഹം ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കി ഇല്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളായി മെസി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. തന്റെ ഫുട്ബോൾ യാത്രയിലെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ സഞ്ചരിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്.
ഖത്തർ ലോകകപ്പിന് ശേഷം പിഎസ്ജി ക്യാമ്പിൽ വന്ന മെസിയോട് തനിക്ക് കടുത്ത ദേഷ്യമായിരുന്നു ഉണ്ടായിരുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് ഇതിഹാസം കിലിയൻ എംബപ്പേ. 2022 ലോകകപ്പ് കിരീടം നേടിയ ലയണൽ മെസി ക്യാമ്പിൽ വന്നപ്പോഴും കുറെ നേരത്തേക്ക് എനിക്ക് ആ ദേഷ്യം ഉണ്ടായിരുന്നു എന്നാണ് എംബപ്പേ പറയുന്നത്.
കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:
“ലോകകപ്പ് ഫൈനലിന് ശേഷം പി എസ് ജിയുടെ പരിശീലന ക്യാംപിൽ എത്തിയപ്പോഴും എനിക്ക് മെസിയോട് ദേഷ്യമുണ്ടായിരുന്നു. അപ്പോൾ മെസി എന്നോട് പറഞ്ഞത് ഇപ്രകാരമാണ്. താങ്കൾ മുമ്പുതന്നെ ലോകകപ്പ് വിജയിച്ചിട്ടുണ്ട്. ഇത്തവണ എന്റെ അവസരമായിരുന്നു. ഈ വാക്കുകൾ കേട്ടപ്പോഴാണ് എനിക്ക് മെസിയോടുള്ള ദേഷ്യം മാറിയത്. അർജന്റീനയുടെ ലോകകപ്പ് വിജയം നാം ബഹുമാനിക്കുന്നത് അത് മെസി നേടി എന്നതിനാലാണ്”
കിലിയൻ എംബപ്പേ തുടർന്നു:
“ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഞങ്ങൾ ഇരുവർക്കും നിരവധി ഓർമകൾ സൃഷ്ടിച്ചു. ആ ഫൈനൽ എന്നെയും മെസിയെയും കൂടുതൽ സുഹൃത്തുക്കളാക്കി. ഞാൻ മെസിയിൽ നിന്നും ഒരുപാട് പഠിച്ചു. മെസി എല്ലാകാര്യങ്ങളും നന്നായി ചെയ്തു. അതുപോലൊരു ഇതിഹാസത്തിൽ നിന്ന് എല്ലാകാര്യങ്ങളും പഠിക്കാൻ കഴിയും. മുമ്പ് മെസിയോട് താങ്കൾ ഈ മികവ് എങ്ങനെ പ്രകടിപ്പിച്ചുവെന്ന് ചോദിക്കുമായിരുന്നു” കിലിയൻ എംബപ്പേ പറഞ്ഞു.