ചുവന്ന വിരലുകളും അഴുകിയ ശവത്തിന്റെ ദുർഗന്ധവും; എന്താണ് ‘ചെകുത്താന്റെ വിരലുകൾ’ ?

ചുവന്ന വിരലുകളും അഴുകിയ ശവത്തിന്റെ ദുർഗന്ധവും; എന്താണ് ‘ചെകുത്താന്റെ വിരലുകൾ’ ?

മണ്ണിനിടയിൽ നിന്നും നീണ്ടു വരുന്ന തരത്തിൽ ചുവന്ന നീളമുള്ള ജീർണിച്ച വിരലുകളുള്ള ഒരു കൈ. ഒപ്പം അഴുകിയ ശവത്തിന്റെ ദുർഗന്ധവും… ആദ്യ കാഴ്ചയിൽ തന്നെ പേടി തോന്നിപ്പിക്കുന്ന ഒരു അപൂർവ ഫംഗസിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ചെകുത്താന്റെ വിരലുകൾ എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. ക്ലാത്റസ് ആർച്ചറി എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഫംഗസിനെ യുകെയിലെ ഹാംഷയറിലുള്ള ന്യൂഫോറസ്റ്റിൽ അധ്യാപികയായി വിരമിച്ച ജൂലിയ റോസർ ഇതിന്റെ ചിത്രം പകർത്തി പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തു. കൂൺവർഗത്തിൽ പെട്ട ഒരു ഇനമാണ് ഈ ഫംഗസ്.

സാധാരണയായി ഒക്ടോബർ അവസാനത്തോടെയാണ് ഈ അപൂർവ ഫംഗസ് കാണപ്പെടാറുള്ളത്. എന്നാൽ ഈ വർഷം ആദ്യം ഈർപ്പമുള്ള കാലാവസ്ഥയിലാണ് കണ്ടെത്തിയത് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് വച്ച് ഫംഗസിനെ കണ്ടിരുന്നതായി ജൂലിയ റോസർ പറയുന്നുണ്ട്. ഇക്കാരണത്താലാണ് ഇത്തവണയും ഈ സ്ഥലത്ത് തന്നെ ജൂലിയ ഫംഗസിനായി തിരഞ്ഞത്. പുല്ലുകൾ നിറഞ്ഞ മേഖലയിലൂടെ നടന്നു പോകുന്നതിനിടെയാണ് ജൂലിയ ഇവയെ കണ്ടെത്തിയത്.

‘കഴിഞ്ഞ വർഷം ഏകദേശം ഇതേ പ്രദേശത്ത് ഞാൻ ഡെവിൾസ് ഫിംഗേഴ്‌സിനെ കണ്ടെത്തിയിരുന്നു, അതിനാൽ ഞാൻ അവയ്ക്കായി ഇത്തവണയും തിരയുകയായിരുന്നു. ഈ ചുവന്ന ടെൻ്റക്കിളുകളോ വിരലുകളോ ഉപയോഗിച്ച് അവ മണ്ണിൽ നിന്നും തള്ളിപുറത്തു വരികയായിരുന്നു’ എന്നാണ് ജൂലിയ റോസർ പറഞ്ഞത്.

ന്യൂസിലാൻഡ് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാർക്കായുള്ള ചരക്കുകൾക്കൊപ്പമാണ് ഈ അപൂർവ ഫംഗസ് ഫ്രാൻസിലെത്തിയത് എന്നാണ് വിശ്വാസം. 1942-ൽ സൈനിക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന ന്യൂ ഫോറസ്റ്റിലും തെക്കൻ ഇംഗ്ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും ഡെവിൾസ് ഫിംഗറുകൾ പതിവായി കാണപ്പെടുന്നുണ്ട്.

70 വർഷം മുമ്പാണ് യുകെയിൽ ഈ ചെകുത്താന്റെ വിരലുകൾ ആദ്യമായി കണ്ടെത്തിയത്. എന്നിരുന്നാലും അപൂർവമായി മാത്രമേ ഇവയെ കാണാറുള്ളൂ. അതുകൊണ്ടു തന്നെ ഫംഗസുകളെ കുറിച്ച് പഠിക്കുന്ന മൈക്കോളജിസ്റ്റുകൾക്ക് ഇത്തരം ഫംഗസുകൾ വിലപ്പെട്ട ഒരു കണ്ടെത്തലാണ്.

ഒരു ഗോൾഫ് പന്തിനോളം വലിപ്പമുള്ള ക്രീം നിറത്തിലുള്ള ഉരുണ്ട ഭാഗമുണ്ട് ഇതിന്. ഭാഗികമായി മണ്ണിൽ കുഴിച്ചിട്ട അവസ്ഥയിൽ നിൽക്കുന്ന നേർത്ത ആകൃതിയിൽ ജലാറ്റിൻ പോലെ തോന്നിപ്പിക്കുന്ന മുട്ടയിൽ നിന്നുമാണ് ഈ ഫംഗസ് പുറത്തു വരുന്നത്. നാല് മുതൽ എട്ട് വരെ വിരലുകൾ ഇതിന് ഉണ്ടാകാറുണ്ട്. നീരാളിയുടെ കൈകളോട് സാമ്യമുള്ളതിനാൽ ഒക്ടോപ്സ് സ്റ്റിങ്ക്ഹോൺ’ എന്നും ‘ഒക്ടോപ്സ് ഫംഗസ് ‘ എന്നും വിളിപ്പേര് ഉണ്ട്. വളരുന്തോറും ടെൻ്റക്കിൾ പോലുള്ള കൈകൾ പുറത്തേക്ക് തള്ളി വരികയാണ് ചെയ്യുക.

പ്രാണികളെ ആകർഷിക്കാൻ വേണ്ടിയാണ് ജീർണിച്ച മാംസത്തെ പോലുള്ള ദുർഗന്ധം ഇത് പുറത്തുവിടുന്നത്. ആകർഷിക്കപ്പെട്ട് ഇതിന്റെ വിരലുകളിൽ വന്നിരിക്കുന്ന പ്രാണികളിൽ ബീജകോശങ്ങൾ പറ്റിപ്പിടിക്കും. ഇതാണ് ഫംഗസിന്റെ പുനരുൽപാദനത്തിനും വ്യാപനത്തിനും സഹായിക്കുന്നത്. വിഷം ഇല്ലെങ്കിലും ദുർഗന്ധം കാരണം സാധാരണ ആളുകൾ ഇതിനടുത്തേക്ക് പോവാറില്ല.

ഏകദേശം 5 സെന്റിമീറ്റർ ഉയരവും, വിരലുകൾ പോലെയുള്ള ഭാഗത്തിന് 7 സെന്റിമീറ്റർ നീളവും ഉണ്ടാകും. പലപ്പോഴും മരങ്ങൾക്കു താഴെയോ പാർക്കുകളിലും പൂന്തോട്ടങ്ങളിലും ആണ് ഇവ കാണപ്പെടുന്നത്. കടും ചുവപ്പ് നിറം കാരണം ഇത് കണ്ടെത്താനും എളുപ്പമാണ്. പേടിപ്പെടുത്തുന്ന കാഴ്ച ആയതിനാൽ ഈ അപൂർവ കാഴ്ചയെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് യുകെ ഭരണകൂടം ഇപ്പോൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *