പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെന്റ് സ്തംഭനം; രാജ്യസഭയും ലോക്സഭയും പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെന്റ് സ്തംഭനം; രാജ്യസഭയും ലോക്സഭയും പിരിഞ്ഞു

അദാനി വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇന്നും രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. രാവിലെ സഭാനടപടികൾ തുടങ്ങുമ്പോൾ തന്നെ പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തെത്തിയിരുന്നു. രാവിലെ സഭാ സമ്മേളിച്ചപ്പോൾ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കർ ലോക്സഭയിൽ വ്യക്തമാക്കി.

രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. റൂൾ 267 അടിയന്തര ആവശ്യങ്ങൾ ഉന്നയിക്കാൻ ഉള്ളത് മാത്രമാണെന്ന് ചെയർമാൻ വ്യക്തമാക്കി. ഇരുസഭകളും പ്രക്ഷുബ്ധമായതിനെ തുടർന്ന് ആദ്യം 12 മണി വരെയും പിന്നീട് ഇന്നത്തേക്കും നടപടികൾ ഉപേക്ഷിക്കുകയായിരുന്നു.

രാവിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഉള്ള തീരുമാനം അംഗീകരിച്ചിരുന്നു. തുടർന്നുചേർന്ന ഇൻഡ്യ മുന്നണി യോഗത്തിലും ഈ നിർദ്ദേശത്തിന് ആണ് മേൽ കൈ ലഭിച്ചത്. തൃണമൂൽ കോൺഗ്രസ്, എന്‍സിപി ശരദ് പവാർ വിഭാഗം എന്നിവർ പ്രതിഷേധം പ്രതീകാത്മകമായി മതി എന്ന അഭിപ്രായം മുന്നോട്ട് വച്ചിരുന്നു.

പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിതല – ബിജെപി നേതൃ യോഗം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അദാനി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ട നിലപാട് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ശേഷം ഇരുസഭകളും ആരംഭിച്ചപ്പോൾ വീണ്ടും ബഹളമായി. ഇതോടെ സഭകൾ പിരിച്ചുവിടുകയായിരുന്നു.

പാർലമെന്റ് സമ്മേളനം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഒരു ദിവസം പോലും സഭാ നടപടികൾ മുറയ്ക്ക് നടന്നിട്ടില്ല. അതേസമയം തുടർച്ചയായ പാർലമെന്റ് സ്തംഭനത്തിൽ കോൺഗ്രസിനെതിരെ ഇൻഡ്യ സഖ്യകക്ഷികൾ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇടതുപാർട്ടികളും, തൃണമൂൽ കോൺഗ്രസും, എൻസിപി ശരദ് പവാർ വിഭാഗവുമാണ് രംഗത്തെത്തിയത്. തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങൾ കേന്ദ്രസർക്കാരിനെ സങ്കീർണമായ പല വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ സഹായിക്കുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *