ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് 1932ല്‍ പഞ്ചാബിലാണ് ജനിച്ചത്. മകനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളായ ഗുര്‍മുഖ് സിംഗിന്റെയും അമൃത് കൗറിന്റെയും ആഗ്രഹം. തന്റെ മകനെ ഒരു ഡോക്ടറായി കാണാൻ ആഗ്രഹിച്ച മാതാപിതാക്കൾ മൻമോഹൻ സിംഗിനെ അമൃത്സറിലെ ഖല്‍സ കോളേജില്‍ രണ്ടു വര്‍ഷത്തെ പ്രീമെഡിക്കല്‍ കോഴ്സിന് ചേര്‍ത്തു. എന്നാൽ മാസങ്ങള്‍ക്കുള്ളില്‍ മന്‍മോഹന്‍ സിംഗ് ആ പഠനം ഉപേക്ഷിക്കുന്നു. തുടര്‍ന്ന് തന്റെ ആഗ്രഹപ്രകാരം പഞ്ചാബിലെ അമൃത്സര്‍ ഹിന്ദു കോളേജില്‍ സാമ്പത്തികശാസ്ത്രത്തിനു ചേര്‍ന്നു.
പഠിച്ചു തുടങ്ങിയപ്പോള്‍ ഇതാണ് തന്റെ വഴിയെന്ന് മന്‍മോഹന്‍ സിംഗ് തിരിച്ചറിഞ്ഞു. റാങ്കോടെയാണ് സാമ്പത്തികശാസ്ത്രത്തില്‍ മൻമോഹൻ സിംഗ് എം എ ബിരുദം നേടിയത്. പഠനകാലത്ത് ഡിബേറ്റിങ് ക്ലബ്ബില്‍ സജീവമായിരുന്ന മന്‍മോഹന്‍ സിംഗ് കോളേജ് മാഗസീന്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.1954-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ സെന്റ് ജോണ്‍സ് കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ ഇക്കണോമിക്സ് ട്രൈപോസ് ഡിഗ്രി പ്രവേശനം നേടിയ മന്‍മോഹന്‍ സിംഗ് അവിടത്തെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു.
ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയ്ക്കുള്ള റൈറ്റ്സ് പുരസ്‌കാരവും ആദം സ്മിത്ത് പുരസ്‌കാരവും നേടിയാണ് മൻമോഹൻ സിംഗ് തന്റെ പഠനം പൂര്‍ത്തിയാക്കുന്നത്. നിലവിൽ സെന്റ് ജോണ്‍സ് കോളേജില്‍ മന്‍മോഹന്‍ സിംഗിന്റെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേംബ്രിഡ്ജിലെ പഠനശേഷം ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് കോളേജില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ മന്‍മോഹന്‍സിംഗ് അവിടേയും അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. ഡോക്ടര്‍ ഇയാന്‍ ലിറ്റിലിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയുടെ കയറ്റുമതി പ്രകടനവും സാധ്യതകളും എന്ന വിഷയത്തിൽ മൻമോഹൻ സിംഗ് ഡോക്ടറേറ്റ് നേടി.
സിദ്ധാന്തങ്ങള്‍ നന്നായി മനസ്സിലാക്കുന്ന, എന്നാല്‍ പ്രായോഗികവാദിയായ വിദ്യാര്‍ത്ഥിയെന്നാണ് നഫീല്‍ഡ് കോളേജിലെ അധ്യാപികയും സാമ്പത്തികശാസ്ത്ര വിദഗ്ധയുമായ ജോവാന്‍ റോബിന്‍സണ്‍ പൂര്‍വവിദ്യാര്‍ത്ഥിയെപ്പറ്റി അക്കാദമിക് ഫയലില്‍ എഴുതിയത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കിയ ചടങ്ങിലാണ് റോബിന്‍സണിന്റെ ഫയല്‍ പരാമര്‍ശം യൂണിവേഴ്സിറ്റി പരസ്യമാക്കിയത്.
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വര്‍ഷം ആദ്യം രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു. 2004 മെയ് 22 നും, 2009 മെയ് 22 നും പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. അതേസമയം സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റും മികച്ച ധനമന്ത്രിയും ആയിരുന്നു മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുംമുമ്പ് ഡോ. മന്‍മോഹന്‍ സിങ് ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനമന്ത്രിയായിരിക്കെ മൂന്നു തവണ രാജിയ്ക്കൊരുങ്ങിയിട്ടും പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്തുണയില്‍ തല്‍സ്ഥാനത്ത് തുടരുകയായിരുന്നു മന്‍മോഹന്‍ സിംങ്.
അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്, 1971-ലായിരുന്നു ബ്യൂറോക്രാറ്റായി മന്‍മോഹന്‍ സിംഗ് തന്റെ ഔദ്ദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ റോളിലായിരുന്നു അരങ്ങേറ്റം. അന്ന് ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. ആ കാലത്തെ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി പ്രവര്‍ത്തിച്ചത് മന്‍മോഹന്‍ സിംഗ് ആയിരുന്നു. പിന്നീട് മൊറാര്‍ജി ദേശായി, ചരണ്‍സിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖര്‍, പി.വി. നരസിംഹറാവു എന്നിവര്‍ക്കൊപ്പവും മന്‍മോഹന്‍ സിംഗ് പ്രവര്‍ത്തിച്ചു. ഏറ്റവും ശ്രദ്ധേയമായത് പി വി നരസിംഹറാവുവിന്റെ കാലത്ത് മന്‍മോഹന്‍സിംഗ് എടുത്ത ധീരമായ നിലപാടുകളായിരുന്നു. 1991 ജൂലൈ 24ന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെയാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിനു തുടക്കമായത്. മന്‍മോഹന്‍ സിംഗ് തുടങ്ങിവച്ച ഉദാരവല്‍കരണത്തിന് കരുത്തു പകരുന്നതായിരുന്നു പിന്നീട് അവതരിപ്പിക്കപ്പെട്ട എല്ലാ ബജറ്റുകളും.